|

സ്വകാര്യ സര്‍വകലാശാല കരട് ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും: ഉന്നത വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ടുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് നവതലമുറ വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന ബില്ലിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രതികരണം.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ലോകനിലവാരത്തിലുള്ള അക്കാദമിക മികവ് ഉറപ്പാക്കാനും അതുവഴി കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കാനും സാധ്യമായ വഴികളെല്ലാം സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ സമഗ്ര പരിഷ്‌കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബി. മേനോന്‍ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളില്‍ ഒന്ന് കൂടിയാണ് സര്‍ക്കാര്‍ ഇതോടെ നിറവേറ്റുന്നത്. കേരള, എം.ജി, കാലിക്കറ്റ്, ശ്രീശങ്കര, മലയാളം, കണ്ണൂര്‍, കെ.ടി.യു, കുസാറ്റ് സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള സര്‍വകലാശാലാ നിയമ (ഭേദഗതി) ബില്ലും ഈ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

അക്കാദമിക് സമൂഹത്തിന് വേഗത്തില്‍ സേവനം ലഭ്യമാക്കുന്നതിനും വികേന്ദ്രീകൃത ജനാധിപത്യ സംവിധാനം ഉറപ്പുവരുത്തുന്നതിനും വേണ്ട സമഗ്രമായ പരിഷ്‌കരണമാണ് സര്‍വകലാശാലാ നിയമ (ഭേദഗതി) ബില്ലിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍, സര്‍വകലാശാലാ നിയമ പരിഷ്‌കരണ കമ്മീഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകളുടെയും തുടര്‍ന്ന് വിവിധങ്ങളായ തലങ്ങളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് സര്‍വകലാശാലാ നിയമ (ഭേദഗതി) ബില്‍ തയ്യാറായിരിക്കുന്നത്.

ഇന്നലെയാണ് സ്വകാര്യ സര്‍വകലാശാല കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സര്‍വകലാശാല ബില്ലിനൊപ്പം വയോജന കമ്മീഷന്‍ ബില്ലും ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

നേരത്തെ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ സി.പി.ഐ.എം രാഷ്ട്രീയ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സി.പി.ഐ.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനായ എസ്.എഫ്.ഐ ഈ തീരുമാനത്തെ ആദ്യഘട്ടത്തില്‍ എതിര്‍ത്തെങ്കിലും നിലവില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഘടകകക്ഷിയായ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.വൈ.എസ്.എഫ് തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Content Highlight: Private University Bill to be introduced in Legislative Session: Higher Education Minister