| Monday, 12th February 2024, 5:26 pm

സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍; സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഇടതുപക്ഷ നയം തന്നെയാണ്

അര്‍ജുന്‍ മോഹനന്‍ എം.എം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപകരുടെ കടന്നു വരവിനെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്നു വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഭീകരമായി ഇടതുപക്ഷത്തെ ആക്രമിക്കാനും ഇടത് അനുഭാവികള്‍ക്കിടയില്‍ ആശയ കുഴപ്പം സൃഷ്ടിച്ചു ഭിന്നിപ്പുവളര്‍ത്താനും വിഷയത്തെ ഉപയോഗിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്.

തുടക്കത്തിലേ നാം മനസ്സിലാക്കേണ്ടത് കേരളത്തില്‍ ബജറ്റ് പ്രഖ്യാപനം വരുന്നതിന് മുന്നേ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യമാണ്.

Amrita Vishwa Vidyapeetham

Amrita Vishwa Vidyapeetham (AVV) അവയ്ക്ക് ഉദാഹരണമാണ്.ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ സ്വകാര്യ യൂണിവേഴ്‌സിറ്റികളുണ്ട്.മാത്രമല്ല ഇന്ത്യയിലെവിടെയും സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ട് (UGC Act, 1956, as amended from time to time ).

നിലവില്‍ കേരള സര്‍ക്കാര്‍ സ്വകാര്യ യൂണിവേഴ്സിറ്റികളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്. സര്‍ക്കാറിന്റെ കൃത്യമായ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍ വഴി നിയന്ത്രിക്കപ്പെടുന്ന, റിസര്‍വേഷന്‍ ഉള്‍പ്പടെ സാമൂഹ്യ നീതി ഉറപ്പാക്കുന്ന സ്വകാര്യ യൂണിവേഴ്സിറ്റികള്‍ കേരളത്തില്‍ സ്ഥാപിക്കപ്പെടുന്നത് സ്വാഗതാര്‍ഹമല്ലെ?

ഇനി നമ്മള്‍ സ്വകാര്യ സര്‍വ്വകലാശാല അനുവദിച്ചില്ല എന്ന് കരുതുക. തല്‍പ്പര കക്ഷികള്‍ക്ക് കോടതിയില്‍ പോകാം. കോടതി അവര്‍ക്ക് അനുകൂലമായി മാത്രമേ വിധിക്കുകയുള്ളൂ. കാരണം NEP 2020 ഉം മറ്റനേകം കേന്ദ്ര നിയമങ്ങളും അവര്‍ക്കനുകൂലമാണ്. കോടതി വിധിയോ മറ്റോ വന്നാല്‍ ഒരു സാമൂഹ്യ നിയന്ത്രണവുമില്ലാത്ത സര്‍വ്വകലാശാല വരുന്നത് നമ്മള്‍ കാണേണ്ടി വരില്ലേ?

നോക്കൂ, വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അഥവാ കേരളത്തിന്റെ മനുഷ്യ വിഭവങ്ങള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി കേരളത്തിന് പുറത്ത് പോകുന്ന സാഹചര്യമുണ്ട്. നിലവില്‍ കേരളത്തിലെ പ്രാധാന യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള കോളേജുകളില്‍ ചിലതില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്, പാരലല്‍ കോളേജുകള്‍ അടച്ചുപൂട്ടപ്പെടുകയാണ്, മറ്റു യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരം വിദ്യാര്‍ത്ഥികളില്‍ പലരും പഠനത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത് സ്വകാര്യ യൂണിവേഴ്‌സിറ്റികളെയാണ്.

കേരളത്തില്‍ സ്വകാര്യയൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കുക വഴി ഈ പ്രശ്നത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനും അതുവഴി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനം ഉറപ്പിക്കാനും കഴിയില്ലേ? അല്ലാതെ ഈ ഘട്ടത്തില്‍ ചില ഉത്തമ വാദങ്ങളുയര്‍ത്തുന്നത് കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കുള്‍പ്പെടെയുണ്ടാക്കുന്ന തിരിച്ചടികള്‍ നിസ്സാരമായിരിക്കുമോ?

നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റികള്‍ നവീകരിച്ചാല്‍ പോരെ? അങ്ങനെയെങ്കില്‍ ഈ പ്രശ്‌നം ഒരു പരിധിവരെ അവസാനിപ്പിക്കാന്‍ കഴിയില്ലേയെന്ന ചോദ്യം വേണമെങ്കില്‍ ചോദിക്കാം!

പക്ഷെ, നാം മനസ്സിലാക്കേണ്ടത്, കാലിക്കറ്റ് യൂണിവേഴ്സിറ്റയിലുള്‍പ്പെടെ നിരവധി ഇന്നൊവേറ്റീവ് സബ്ജക്റ്റുകള്‍ ഈ സമീപ കാലയാളവില്‍ കൊണ്ടുവന്നിട്ടുണ്ട്. പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി യൂണിവേഴ്‌സിറ്റി ഡെവലപ്പ്‌മെന്റ് പോഗ്രാമുകള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. കേരളത്തിലെ കേരള യൂണിവേഴ്സിറ്റിയുള്‍പ്പെടെ 2023 ലെ NIRF Ranking ല്‍ (National Institutional Ranking Framework) ഉയര്‍ന്ന സ്ഥാനത്താണ്.

അപ്പോള്‍ നമ്മുടെ നിലവിലെ യൂണിവേഴ്സിറ്റിയെല്ലാം നിലവാര തകര്‍ച്ചയിലാണെന്ന് പറയാന്‍ കഴിയില്ല. ഇനിയും Update ചെയ്യപ്പെടണമെങ്കില്‍ ആവശ്യമായ കേന്ദ്ര വിഹിതം കിട്ടേണ്ടതുണ്ട്. കേന്ദ്ര ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായ് മാത്രം കേരളത്തിന് 750 കോടി രൂപയാണ് കിട്ടാനുള്ളത്. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റില്‍ നിന്നും അരിയേഴ്‌സ് ഇനത്തില്‍ മറ്റ് തുകകളും സര്‍ക്കാരിന് ലഭിക്കേണ്ടണ്ടാതായുണ്ട്, ഇതെല്ലാം നമ്മള്‍ കാണേണ്ടതുണ്ട്.

നോക്കൂ, വലതുപക്ഷ സര്‍ക്കാരിന്റെ വീക്ഷണത്തിലാണോ ഇടതുപക്ഷ സര്‍ക്കാര്‍ സ്വകാര്യ സര്‍വ്വകലാശാലകളെ നോക്കി കാണുന്നത്? അല്ല.

പൊതുമേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുകയും അതേ സമയം സ്വകാര്യ മേഖലയെ ബൂസ്റ്റ് ചെയ്യുകയും ചെയ്യുന്ന നയമാണ് വലതുപക്ഷത്തിന്റേത്. സാശ്രയ കോളേജ്കളിലെ മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഒരേ ഫീസ് ഈടാക്കുകയും, സാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ യാതൊരു റെഗുലേഷനും വലതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ കൊണ്ടുവരാതിരുന്നതും ഇതിന്റെ ഭാഗമായാണ്.

സാശ്രയ കോളേജുകളെ നിയന്ത്രിച്ചു കൊണ്ടു വന്നത് കേരളത്തില്‍ പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാരുകളാണ്.

എക്കാലത്തും പൊതുമേഖലയ്ക്ക് പ്രാധാന്യം നല്‍കിയവരാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെല്ലാം അതിന്റെ ഭാഗമാണ്. കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളോട് മത്സരിച്ച് പൊതുമേഖലയുടെ പൊസിഷന്‍ ഹൈലൈറ്റ് ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാശ്രയ കോളേജുകളോടും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഏറ്റുമുട്ടാനുള്ള ശേഷി നിലവില്‍ കേരളത്തിലെ ഗവണ്മെന്റ്‌റ് സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കുമുണ്ട്.

ഇതുകൊണ്ടെല്ലാം തന്നെ ഇടതുപക്ഷ ഗവണ്മെന്റ് സ്വകാര്യ യൂണിവേഴ്സിറ്റികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നത്  ഇടതു നയ വ്യതിയാനമാണെന്ന് ഞാന്‍ ചിന്തിക്കുന്നേയില്ല. ഇന്ത്യന്‍ ഗവണ്മെന്റിന്റെ പോളിസികളില്‍ നിന്നും മാറി നടക്കാന്‍ കേരളത്തിന് കഴിയില്ല, പ്രസ്തുത നയങ്ങളെ നിയന്ത്രിക്കുവാനും ക്രമീകരിക്കാനുമുള്ള പ്രവര്‍ത്തനം മാത്രമാണ് ഇടതു ഗവണ്‍മെന്റ് ഏറ്റെടുക്കുന്നത്.

CONTENT HIGHLIGHTS: Private Universities; The government is implementing the left wing policy

അര്‍ജുന്‍ മോഹനന്‍ എം.എം.

ബി.എഡ് വിദ്യാര്‍ത്ഥി, കെ.പി.പി.എം കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, ആനക്കയം. എസ്.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം

We use cookies to give you the best possible experience. Learn more