| Friday, 20th January 2023, 7:28 pm

അധിക്ഷേപിച്ചവര്‍ക്ക് മറുപടി; ആര്‍ത്തവ അവധി പ്രഖ്യാപിച്ച് സ്വകാര്യ മേഖലയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകള്‍ കൂടി ആര്‍ത്തവ അവധി പ്രഖ്യാപിച്ചതോടെ സ്ത്രീ സൗഹൃദമായ വ്യവസ്ഥിതികള്‍ സൃഷ്ടിക്കുന്നതില്‍ കേരളസമൂഹം മുന്നോട്ടുപോകുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ മാതൃക തൊഴിലിടങ്ങളിലേക്കും ഇപ്പോള്‍ വ്യാപിക്കുകയാണ്.

നേരത്തെ തന്നെ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദവും ഇന്‍ക്ലൂസിവുമാക്കുന്നതിന്റെ ഭാഗമായി ആര്‍ത്തവ അവധി നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. കള്‍ച്ചര്‍ മഷീന്‍, മാഗ്സ്റ്റര്‍, വെറ്റ് ആന്റ് ഡ്രൈ, ഇന്‍ഡസ്ട്രിഎആര്‍സി, സൊമാറ്റ, സ്വിഗ്ഗി തുടങ്ങിയ കമ്പനികളില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി ആര്‍ത്തവ അവധി നടപ്പിലാക്കിയിരുന്നു.

കേരളത്തില്‍ മാതൃഭൂമി, ഡൂള്‍ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നതില്‍ മുമ്പേ നടന്ന സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ കൂടുതല്‍ തൊഴില്‍ സ്ഥാപനങ്ങളും ആര്‍ത്തവ അവധി നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

പാലക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഡ്വര്‍ട്ടൈസിങ് ഏജന്‍സിയായ പുഷ് 360 ആണ് സര്‍വകലാശാലകളിലെ അതേ മാതൃകയില്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുന്നത്. സംവിധായകന്‍ വി.എ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് പുഷ്. മുപ്പത് വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിനിടയിലെ അഭിമാനകരമായ തീരുമാനങ്ങളിലൊന്ന് എന്നാണ് ആര്‍ത്തവ അവധിയെ കുറിച്ച് വി.എ. ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ആര്‍ത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് പുഷ് 360 അവധി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടപ്പാക്കിയ അതേ മാതൃകയിലുള്ള അവധിക്ക്, നിലവില്‍ പുഷില്‍ ജോലി ചെയ്യുന്ന ഒന്‍പതു സ്ത്രീകള്‍ക്കും ഇനി വരുന്നവര്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

ആര്‍ത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും ഇതേ അവധിക്ക് പുഷ് 360ലെ സ്ത്രീകള്‍ അര്‍ഹരാണ്. 30 വര്‍ഷമായി പരസ്യ-ബ്രാന്‍ഡിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പുഷ് 360യെ സംബന്ധിച്ച് അഭിമാനകരമായ ഒരു തീരുമാനം എന്ന നിലയ്ക്ക് ഞാനിതിനെ കാണുന്നു,’ പ്രസ്താവനയില്‍ ശ്രീകുമാര്‍ പറയുന്നു.

വേണ്ട ഹാജരിന്റെ പരിധി, വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്. 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഈ മാതൃക പിന്തുടര്‍ന്നായിരിക്കും പുഷിലും ആര്‍ത്തവ അവധി നടപ്പിലാക്കുക.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സര്‍ക്കാരും ഈ നടപടിയിലേക്ക് നീങ്ങിയത്. എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റ ഇടപെടലിലാണ് പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം അധിക അവധി നല്‍കാന്‍ സര്‍വകലാശാലയില്‍ അനുമതിയായത്.

സാധാരണയായി പരീക്ഷയെഴുതണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ വേണം. എന്നാല്‍ പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്ക് 73 ശതമാനം ഹാജര്‍ മതിയെന്ന തരത്തിലാകും തീരുമാനം നടപ്പിലാക്കുകയെന്നും അറിച്ചിരുന്നു. നിലവില്‍ ആര്‍ത്തവ അവധി നല്‍കുന്ന തൊഴില്‍ സ്ഥാപനങ്ങളും സമാനമായ രീതി തന്നെയാണ് സ്വീകരിക്കുന്നത്.

അതേസമയം, സര്‍വകലാശാലകളുടെ ഈ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ, ആര്‍ത്തവ അവധിയെ പരിഹസിച്ചും അധിക്ഷേപിച്ചും ചിലരെത്തിയിരുന്നു. തികച്ചും അശാസ്ത്രീയവും പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകളുമായിട്ടായിരുന്നു ഇവര്‍ ആര്‍ത്തവ അവധിയെ എതിര്‍ത്തിരുന്നത്.

പുഷ് പോലെയുള്ള സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ ആര്‍ത്തവ അവധി നടപ്പിലാക്കുന്നത് ഇത്തരക്കാര്‍ക്കുള്ള മറുപടി കൂടിയാകുന്നുണ്ട്.

Content Highlight: Private Sectors like PUSH 360 is following the footsteps of Govt by announcing menstrual leave

We use cookies to give you the best possible experience. Learn more