ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കഴുത്തറുപ്പന്‍ വിലയിടുന്ന സ്വകാര്യ സ്‌കൂളുകളുടെ ശ്രദ്ധയ്ക്ക്: ഒന്ന് കേള്‍ക്കണം ഈ രക്ഷിതാക്കളുടെ സങ്കട ഹരജി
Education Department
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കഴുത്തറുപ്പന്‍ വിലയിടുന്ന സ്വകാര്യ സ്‌കൂളുകളുടെ ശ്രദ്ധയ്ക്ക്: ഒന്ന് കേള്‍ക്കണം ഈ രക്ഷിതാക്കളുടെ സങ്കട ഹരജി
ഗോപിക
Saturday, 18th July 2020, 4:40 pm

കാസര്‍ഗോഡ് നഗരത്തില്‍ ഓട്ടോഡ്രൈവറായി ജോലി നോക്കുകയാണ് സലീം. സലീമിന് നാലു മക്കളാണ്. പത്ത് വര്‍ഷമായി കാസര്‍ഗോഡ് നഗരത്തിലെ ഒരു പ്രശസ്തമായ സ്വകാര്യ വിദ്യാലയത്തിലാണ് അദ്ദേഹത്തിന്റെ നാലുമക്കളും പഠിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ വിലയറിയാവുന്ന സലീം മക്കള്‍ക്ക് ഒരിക്കലും തന്റെ ഗതി വരാതിരിക്കാനാണ് നല്ലൊരു സ്‌കൂളില്‍ തന്നെ ചേര്‍ത്തത്. നിത്യവരുമാനക്കാരനായിരുന്നിട്ടും അദ്ദേഹം കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല.

എന്നാല്‍ അതെല്ലാം തകിടം മറിച്ചാണ് കൊവിഡ് 19 സലീമിന്റെ ജീവിതത്തില്‍ വില്ലനായത്. ലോക്ഡൗണും ഓട്ടോയില്‍ നിന്നുള്ള വരുമാനം നിലച്ചതും കുടുബത്തെ സാരമായി ബാധിച്ചു.

 

അപ്പോഴും മക്കളുടെ വിദ്യാഭ്യാസം മാത്രമായിരുന്നു സലീമിന് മുഖ്യം. അധികം വൈകാതെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രഖ്യാപിച്ചു. അതായിരുന്നു സലീമിന്റെ ഏക ആശ്വാസം.

സ്വകാര്യ സ്‌കൂളിലായതിനാല്‍ കുട്ടികളുടെ ഫീസ് അടച്ചാല്‍ മാത്രമേ ക്ലാസുകള്‍ ലഭിക്കുവെന്നൊരു നിബന്ധനയുണ്ട്. ഈ സാഹചര്യത്തിലും നാലു കുട്ടികള്‍ക്കും കൂടി ജൂണ്‍ മുതലുള്ള ഫീസായ ഫീസായ 42000 രൂപ അടയ്ക്കാന്‍ സ്‌കൂളധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു.

അവിടെ തീര്‍ന്നില്ല സ്‌കൂളില്‍ നിന്നുള്ള സമ്മര്‍ദ്ദം. ഈ അധ്യയന വര്‍ഷത്തെ ആദ്യ ടേം ഫീസ് അടയ്ക്കാന്‍ സ്‌കൂളില്‍ നിന്ന് നിരവധി തവണയാണ് സലീമിനെ വിളിച്ചത്.

ജോലിക്ക് പോകാന്‍ പോലും കഴിയാത്ത ഈ ഘട്ടത്തില്‍ ഫീസിളവിനായി സലീം സ്‌കൂള്‍ അധികൃതരോട് അപേക്ഷിച്ചിരുന്നു. യാതൊരു ഫലവുമുണ്ടായില്ല. ഫീസ് ഒടുക്കുന്നതിന്റെ അവസാന തീയതിയും കഴിഞ്ഞപ്പോള്‍ അവര്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്ന് റിമൂവ് ചെയ്തു. ഇതോടെ കുഞ്ഞുങ്ങളും മാനസികമായി തകര്‍ന്നു. എന്ത് ചെയ്യണമെന്നറിയാതെ അധികൃതരോട് മക്കളുടെ വിദ്യാഭ്യാസത്തിനായി അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ് സലീം. ചെല്‍ഡ് ലൈന്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ തന്റെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി ഇടപെടലാവശ്യപ്പെട്ട് നെട്ടോട്ടമോടുകയാണ് ഇന്നദ്ദേഹം.

ഇത് സലീമിന്റെ മാത്രം അനുഭവമല്ല. കാസര്‍ഗോഡ് സ്വദേശിയായ റസാഖിനും പറയാനുള്ള കഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സലീമിന്റെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ മക്കളും പഠിക്കുന്നത്.

‘ട്യൂഷന്‍ ഫീ, ലൈബ്രറി ഫീ തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി പതിമൂവായിരത്തോളം രൂപയാണ് സ്‌കൂളധികൃതര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ കോടതിയും സര്‍ക്കാരും ഒരേസ്വരത്തില്‍ പറഞ്ഞതാണ് സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഏര്‍പ്പെടുത്തരുതെന്ന്. അതിനും പുറമേ ലൈബ്രറി ഫീസ് അടക്കമാണ് ഫീസ് ഈടാക്കുന്നത്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസ്സ് മാത്രം കേള്‍ക്കുന്ന ഈ കുട്ടികള്‍ എങ്ങനെയാണ് ലൈബ്രറി ഉപയോഗിക്കുക?. അത് പോലെത്തന്നെ ലാബ് ഫീസ്, മാഗസീന്‍ ഫീസ്, ബാലവിഹാര്‍ ഫീസ്, തുടങ്ങി ഉപയോഗിക്കാത്ത സേവനങ്ങളുടെ ഭീമമായ തുക ഞങ്ങളെപ്പോലുള്ള രക്ഷിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഈ സ്‌കൂളധികൃതര്‍. ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി. അതിനെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഫീസടക്കൂ, പിന്നീട് ഇളവ് വരുത്തുന്നതാണ് എന്നൊക്കെയാണ് പറയുന്നത്. 6500റോളം രൂപ ട്യൂഷന്‍ ഫീസ് ഇനത്തില്‍ വാങ്ങുന്നത് ഈ അവസരത്തില്‍ ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ വലയ്ക്കുന്നതാണ്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസത്തിനായി ആഗ്രഹിക്കുന്ന രക്ഷിതാക്കളെയാണ് ഈ അവസരത്തില്‍ ചൂഷണം ചെയ്യുന്നത്.’- സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവായ റസാഖ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അതേസമയം സ്വകാര്യസ്‌കൂളുകളിലെ ഫീസ് ഘടനയെകുറിച്ച് ഞങ്ങളോട് സംസാരിച്ചത് തിരുവനന്തപുരത്തെ പ്രധാന സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയായ കവിത പ്രിയേഷ് ആണ്. ‘ഞങ്ങളുടെ സ്‌കൂളിലും ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ പകുതി രക്ഷിതാക്കള്‍ മാത്രമേ കൃത്യമായി ഫീസ് അടയ്ക്കുന്നുള്ളു. ഫീസ് അടയ്ക്കാത്തവരെ ഈ അവസരത്തില്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലല്ലോ. അതിനനുസരിച്ചാണ് ഞങ്ങള്‍ക്കും സാലറി കിട്ടുന്നത്. പതിനായിരം കിട്ടേണ്ടിടത്ത് 6000-7000 അകത്താണ് പല അധ്യാപകരുടെയും ഇപ്പോഴത്തെ സാലറി. സ്വകാര്യ സ്‌കൂളുകളുടെ കാര്യമാണിത് കേട്ടോ. കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടപോലെ അധ്യാപകര്‍ തൊഴിലുറപ്പ് ഉള്‍പ്പടെയുള്ള ജോലിക്ക് പോകേണ്ട ഘട്ടം വിദൂരമല്ലെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. സാലറി കുറഞ്ഞാലും കുട്ടികളെ പഠിപ്പിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി മറ്റൊന്നിനും ഇല്ല. കുറഞ്ഞ ശമ്പളമായിട്ടും ജോലി കളയാത്തത് അതൊക്കെ കൊണ്ടു തന്നെയാണ്. ഫീസ് തരാത്ത രക്ഷിതാക്കളെ സമ്മര്‍ദ്ദത്തിലാക്കി ഫീസ് വാങ്ങിക്കുന്ന രീതിയൊന്നും ഒരു വിദ്യാലയത്തിനും ചേര്‍ന്നതല്ലെന്നാണ് എന്റെയും അഭിപ്രായം. സാഹചര്യം ഇതായതുകൊണ്ടല്ലേ. അല്ലെങ്കില്‍ സ്വന്തം മക്കളുടെ കാര്യത്തില്‍ ആരെങ്കിലും കുറവ് വരുത്തുമോ?- കവിത ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൊവിഡ് 19 സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുമ്പോഴും പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു നാമോരോരുത്തരും.

എന്നാലിപ്പോള്‍ ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പറ്റി പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖമുള്ളതല്ല. കൊവിഡ് പ്രതിസന്ധിയില്‍ ഉപജീവനം നഷ്ടപ്പെട്ടിട്ടും തങ്ങളുടെ കുട്ടികള്‍ നല്ല രീതിയില്‍ പഠിക്കണമെന്നാഗ്രഹിച്ച മാതാപിതാക്കള്‍ക്ക് ഇരുട്ടടി നല്‍കിയത് ചില സ്വകാര്യ സ്‌കൂളുകളാണ്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവര്‍ നിശ്ചയിച്ച ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളെ ക്ലാസ്സുകളില്‍ നിന്നും റിമൂവ് ചെയ്യുന്നത് ബാധിക്കുന്നത് നമ്മുടെ കുട്ടികളുടെ മാനസിക നിലയെയാണ്. മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുമെന്ന് കരുതി സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ത്ത നിത്യവരുമാനം മാത്രമുള്ള രക്ഷിതാക്കളാണ് ഇപ്പോള്‍ സ്‌കൂളുകളുടെ കെണിയിലകപ്പെട്ടത്.

അമിതമായ ഫീസ് മാത്രമല്ല കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലാണ് ക്ലാസ്സുകളടുക്കുന്നതെന്ന ആക്ഷേപവും സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയ്ക്കും കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ മേധാവികള്‍ക്കും രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയ്ക്കായി ഈ പ്രതിസന്ധിഘട്ടത്തിലും ഇവര്‍ നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ്.

 

 

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.