ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറക്കാന്‍ സര്‍ക്കാരിന് അധികാരമില്ല; സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍
Kerala News
ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറക്കാന്‍ സര്‍ക്കാരിന് അധികാരമില്ല; സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd May 2021, 2:15 pm

തിരുവനന്തപുരം: സംസ്ഥാത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. 500 രൂപയായിക്കുറച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ഉടമകള്‍ ഹരജി നല്‍കിയത്.

കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. പരിശോധനാ നിരക്ക് 500 രൂപയായി കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വാദം. ഇല്ലെങ്കില്‍ സബ്‌സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണം.

നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ ഗുണനിലവാരം കുറയ്ക്കാന്‍ ഇടയാക്കുമെന്നും ലാബ് ഉടമകള്‍ പറയുന്നു.

1700 രൂപയായിരുന്ന സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത് ഏപ്രില്‍ 30നാണ്. ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ചുകൊണ്ട് ലാബുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ചെലവുകളുടെ ഒരുഭാഗം പോലും കണ്ടെത്താനാവില്ലെന്നായിരുന്നു ലാബുകള്‍ അന്ന് പറഞ്ഞിരുന്നത്.

ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനാലാണ് നിരക്ക് കുറച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് പുതിയ നിരക്ക്.

മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നിരക്ക് 1500 രൂപയാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Private labs approached high court against supreme court