ന്യൂയോര്‍ക്ക്: ഇസ്രഈല്‍ നിര്‍മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും 40 മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തി. ദി ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുപ്രീംകോടതി ജഡ്ജിയുടെ ഫോണും ചോര്‍ത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.
ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.