തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കുന്നു.
മാര്‍ച്ച് ആറ് മുതല്‍ സംസ്ഥാന വ്യാപകമായി 62,000 നഴ്സുമാരാണ് അവധിയെടുത്ത് പ്രതിഷേധിക്കുക. സര്‍ക്കാര്‍ തീരുമാനിച്ചിരുന്ന പ്രകാരം 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രികളുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് സംഘടനയുടെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരി 10-നായിരുന്നു സമരത്തെ തുടര്‍ന്ന് നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 ആക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത് പല ആശുപത്രികളും നടപ്പിലാക്കിയില്ല.
ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചാം തീയതി മുതല്‍ നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജി പ്രകാരം ഹൈക്കോടതി പണിമുടക്ക് സ്റ്റേ ചെയ്തു.
തുടര്‍ന്നാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യു.എന്‍.എ സംസ്ഥാന യോഗം തീരുമാനിച്ചത്.
ശമ്പള വര്‍ധനവ് നടപ്പാക്കാത്ത ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ മാനേജ്മെന്റുകളുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് യു.എന്‍.എ കുറ്റപ്പെടുത്തി. നഴ്‌സുമാരുടെ സമരത്തെ എതിര്‍ത്ത ഹൈക്കോടതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും സംഘടന പറഞ്ഞു.