ധനകാര്യസ്ഥാപന ഉടമയെ തീകൊളുത്തിയ സംഭവം: പ്രതി പിടിയില്‍
Kerala News
ധനകാര്യസ്ഥാപന ഉടമയെ തീകൊളുത്തിയ സംഭവം: പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th July 2018, 1:43 pm

കോഴിക്കോട്: സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ ജീവനോടെ തീകൊളുത്തിയ കേസിലെ പ്രതി പിടിയില്‍. എറണാകുളം സ്വദേശി സുമേഷ്‌കുമാറാണ് തിരൂരില്‍ നിന്നും പിടിയിലായത്.

കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്ന് സുമേഷ് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. കൈതപ്പൊയിലിലെ മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ പി.ടി കുരുവിളയെയാണ് ജീവനോടെ തീകൊളുത്തിയത്.


Read:  അഭിമന്യൂ വധം; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍


സുമേഷ്‌കുമാര്‍ ആറാംതിയ്യതി സ്ഥാപനത്തില്‍ എത്തി വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായി പറയുന്നു. അന്ന് യുവാവിന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ കുരുവിള, മൊബൈലില്‍ പകര്‍ത്തിയ ചിത്രമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

പ്ലംബിങ് ജോലികള്‍ കരാറെടുത്തു നടത്തിവന്ന ഇയാള്‍ രണ്ടു ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും കുരുവിളയുടെ ഓഫിസിലെത്തിയിരുന്നു.

സ്വര്‍ണം പണയം തരാന്‍ ഭാര്യ ഉടനെ വരുമെന്നും ഇയാള്‍ പറഞ്ഞു. സംസാരത്തിനിടെ പെട്രോള്‍ മണത്ത കുരുവിള ഇത് എന്തിനാണെന്ന് സുമേഷിനോട് ചോദിക്കുകയും പുറത്ത് വയ്പ്പിക്കുകയും ചെയ്തു.


Read:  സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ കനത്തമഴക്കും കാറ്റിനും സാധ്യത


ഇതിനിടയില്‍ ബാത്ത് റൂമില്‍ പോയി മടങ്ങി വന്ന തന്റെ ദേഹത്ത് യുവാവ് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നുവെന്നാണ് കുരുവിളയുടെ മൊഴി.

മരണ വെപ്രാളത്തില്‍ ഒന്നാം നിലയില്‍ നിന്നും താഴേക്കു ചാടിയ കുരുവിളയെ ഓടിക്കൂടിയ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികില്‍സ തുടരുന്നതിനിടെ ശനിയാഴ്ചയാണ് കുരുവിള മരിച്ചത്.