കോഴിക്കോട്: വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും വീടും സ്വത്തും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ദുരിതമിരട്ടിപ്പിച്ച് സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍. ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ നിര്‍ബന്ധിപ്പിച്ച് പണം അടപ്പിക്കുകയാണെന്ന് കോഴിക്കോട് കണ്ണപ്പന്‍കുണ്ട് ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞവര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
പണം തങ്ങള്‍ അടച്ചുതീര്‍ക്കുമെന്നും അതിന് സാവകാശം വേണമെന്നാണ് ആവശ്യമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവണമെന്നുമാണ് ഇവരുടെ ആവശ്യം.
രണ്ടുതവണയായി കണ്ണപ്പന്‍കുണ്ടിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും 11 വീടുകള്‍ പൂര്‍ണ്ണമായും 40 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇവിടെയുള്ളവരെ കണ്ണപ്പന്‍കുണ്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. പത്തുദിവസത്തിലേറെയായി ക്യാമ്പില്‍ കഴിയുകയായിരുന്നു പലരും. ഇതിനിടെ വായ്പ തിരിച്ചടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ ചില സ്വകാര്യ പണമിപാടു സ്ഥാപനങ്ങള്‍ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നാണ് ക്യാമ്പില്‍ കഴിഞ്ഞവര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
Also Read:ദുരിതാശ്വാസക്യാമ്പില്‍ ആല്‍ബി ചേട്ടന്റെ ഡപ്പാം കുത്ത് ഡാന്‍സ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
“കഴിഞ്ഞദിവസം പണമെടുത്ത സംഘത്തില്‍പ്പെട്ട ചിലരെ വിളിച്ച് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പിലാണുള്ളതെന്നും ഇപ്പോള്‍ അടയ്ക്കാന്‍ കഴിയില്ലെന്നും കുറച്ചു സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോള്‍ “ചത്തുപോയിട്ടൊന്നും ഇല്ലല്ലോ” എന്നാണ് ഏജന്റുമാര്‍ അവളോട് പറഞ്ഞത്” നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ക്യാമ്പിലുണ്ടായിരുന്ന ഷൈനി പറഞ്ഞു.
തുടര്‍ന്ന് അവിടെ വന്നിരുന്ന പലരോടം കടംവാങ്ങിയാണ് പണമടച്ചതെന്നും ഷൈനി പറയുന്നു. ഗ്രൂപ്പായിട്ടെടുത്ത പണമാണിത്. പത്തുപേരുടെ ഗ്രൂപ്പുണ്ടെങ്കില്‍ അതില്‍ ഒരാളുടെ പക്കല്‍ പണമില്ലെങ്കില്‍ സാധാരണ നിലയില്‍ മറ്റുള്ളവര്‍ അത് ഷെയര്‍ ചെയ്ത് അടയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മഴക്കെടുതിയെ തുടര്‍ന്ന് മിക്കവരും ദിവസങ്ങളായി പണിക്കു പോകാത്ത അവസ്ഥയാണ്. ക്യാമ്പിലെത്തിയതോടെ മറ്റുള്ളവരുടെ സഹായത്തോടെയാണ് ഭക്ഷണം വരെ ലഭിച്ചത്. അത്തരമൊരു സാഹചര്യത്തിലാണ് പണമടയ്ക്കാന്‍ വൈകിയതെന്നും ഷൈനി വിശദീകരിക്കുന്നു.
രണ്ടും മൂന്നും ലോണെടുത്തവരുണ്ട് ഇക്കൂട്ടത്തിലെന്നും ഇവരെ സംബന്ധിച്ച് ഈ ദുരന്തകാലത്ത് ആഴ്ച അടവ് കൃത്യമായി പാലിക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും പ്രദേശവാസിയായ ഷിന്‍ോ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
“രണ്ടും മൂന്നും ലോണെടുത്തവരുണ്ട്. വലിയ പ്രതിസന്ധിയാണ് അവര്‍ നേരിടുന്നത്. ഇന്നലെയാണ് ക്യാമ്പ് പിരിച്ചുവിട്ടത്. ആളുകള്‍ വീട്ടില്‍ എത്തി ഒന്ന് ഓര്‍ഡര്‍ ആയി വരാന്‍ ദിവസങ്ങളെടുക്കും. മിക്ക കുടുംബങ്ങളും ഒരാളുടെ വരുമാനത്തിലാണ് ജീവിക്കുന്നത്. മഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് പലരും ദിവസങ്ങളായി പണിക്കുപോകാത്ത അവസ്ഥയിലാണ്.” ഷിന്റോ പറയുന്നു.
Also Read:ജര്‍മന്‍ യാത്രയെ ന്യായീകരിക്കാന്‍ നില്‍ക്കരുത്; കെ. രാജുവിനോട് സി.പി.ഐ
ഇവിടെയുള്ള ആരും അടക്കില്ലയെന്നു പറഞ്ഞിട്ടില്ല. എല്ലാ ലോണുകളും കൃത്യമായി അടച്ചുകൊണ്ടിരിക്കുന്നതാണ്. അല്പം സാവകാശം നല്‍കണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. അതിനുള്ള ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് അദ്ദേഹം പറയുന്നത്.
കോഴിക്കോട് ജില്ലയില്‍ ഏറ്റവുമധികം ദുരിതം നേരിട്ട പ്രദേശങ്ങളിലൊന്നാണ് താമരശേരി താലൂക്കിലെ കണ്ണപ്പന്‍കുണ്ട് മേഖല. ആഗസ്റ്റ് ഒമ്പതിനും പതിനാലിനുമായി രണ്ടുതവണയാണ് ഇവിടെ ഉരുള്‍പൊട്ടിയത്. കല്ലും മരങ്ങളും വന്നടിഞ്ഞ് കണ്ണപ്പന്‍കുണ്ട് പാലം വീണ്ടും അടഞ്ഞതിനെ തുടര്‍ന്ന് പുഴ ഗതിമാറി ഒഴുകി വന്‍നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് ഒമ്പതിനുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.