| Monday, 27th July 2020, 2:16 pm

കരിമ്പട്ടികയിലുള്‍പ്പെട്ട കണ്‍സല്‍ട്ടണ്‍സികള്‍ കേരളത്തെ തേടി വരുന്നതിന് പിന്നിലെ ഇടതുസമവാക്യമെന്താണ്

സാജിദ സുബൈദ

സമീപ കാലത്തായി, പല കരാറുകളിലായി ലോകോത്തര കുത്തക കണ്‍സല്‍ട്ടന്‍സികള്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്തുകൊണ്ട് കേരളത്തെ തേടി വരുന്നത് നിത്യ കാഴ്ചയായിട്ടുണ്ട്. ഇന്ത്യയുടെയോ മറ്റു രാജ്യങ്ങളുടെയോ കരിമ്പട്ടികയില്‍പ്പെട്ടതാണ് ഈ കണ്‍സല്‍ട്ടണ്‍സികളിലധികവും. സംസ്ഥാനത്ത്, എന്തെങ്കിലും പദ്ധതി നടപ്പാക്കാനുദ്ദേശിച്ചാല്‍, അതിന്റെ സാധ്യതയും ലാഭവും നഷ്ടവും തരം തിരിച്ച് പഠിക്കാനാണ് കണ്‍സല്‍ട്ടണ്‍സികളെ നിശ്ചയിക്കുന്നത്. ഈ കണ്‍സല്‍ട്ടണ്‍സികള്‍ അവര്‍ക്കാവശ്യമായ തൊഴിലാളികളെ കേരളത്തില്‍ നിന്ന് തന്നെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്നു.

സ്വാകാര്യ ഏജന്‍സി വഴിയുള്ള നിയമനമായത് കൊണ്ട് തന്നെ, തങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ തന്നെ അതിലിടം പിടിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. തൊഴിലാളികളുടെ ശമ്പളമടക്കം കണ്‍സല്‍ട്ടണ്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്ന, എല്ലാ ചിലവുകളുടെയും സാമ്പത്തിക സ്രോതസ്സ് സര്‍ക്കാര്‍ ഖജനാവാണ്. അങ്ങനെയാണെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സിക്ക് തന്നെ ഇത്തരം പീനങ്ങള്‍ നടത്തിയാല്‍ പോരെ, തൊഴിലാളികളെ പി.എസ്.സി വഴി തെരഞ്ഞെടുത്തു കൂടെ എന്ന് ചോദിക്കുന്നവരെ വികസന വിരോധികളായാണ് മുഖ്യമന്ത്രി ചിത്രീകരിക്കുന്നത്. പിന്നെ, തൊഴിലാളികളുടെ ശമ്പളം, അത് സര്‍ക്കാറല്ല നല്‍കുന്നത്, കണ്‍സല്‍ട്ടണ്‍സിയാണെന്ന ന്യായ വാദവും ഇടതുപക്ഷ സര്‍ക്കാറിനുണ്ട്.

കണ്‍സല്‍ട്ടണ്‍സിയുടെ ചിലവില്‍ ഇതുള്‍പ്പെടില്ലേയെന്ന മറു ചോദ്യം പിന്നെയാരും ചോദിക്കേണ്ടതില്ല, അതിന് സര്‍ക്കാറിന് മറുപടിയില്ല. മൂന്ന് ലക്ഷത്തി ഇരുപതിനായിരം പ്രഫഷനല്‍ വിദ്യാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് നല്‍കി, കാത്ത് കെട്ടി കിടക്കുമ്പോഴാണ് ഈ പിന്‍വാതില്‍ നിയമനമെന്നും ഓര്‍ക്കണം.

2018ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ദുരന്തത്തെ കുറിച്ച് പഠിക്കാനും കേരളത്തെ പുനര്‍ നിര്‍മിക്കാനുമുള്ള പദ്ധതി തങ്ങള്‍ സൗജന്യമായി ഏറ്റെടുക്കാമെന്ന് പറഞ്ഞ് വന്ന കണ്‍സല്‍ട്ടണ്‍സിയായിരുന്നു നെതര്‍ലാന്റ് കമ്പനിയായ കെ.പി.എം.ജി. ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും കരിമ്പട്ടികയിലുള്‍പ്പെട്ട കമ്പനിയന്നെ പ്രത്യേകത കൂടി കെ.പി.എം.ജിക്കുണ്ട്.

റീ ബില്‍ഡ് കേരള എന്ന പേരിട്ട് തയ്യാറാക്കിയ പദ്ധതി, 4 ലക്ഷം രൂപ വീടുകളുടെ പുനര്‍ നിര്‍മാണത്തിന് നല്‍കിയപ്പോള്‍, റീ ബില്‍ഡ് കേരളയുടെ ഓഫീസ് വാതില്‍ പണിയാന്‍ 457000 നല്‍കി, വന്‍ അഴിമതിയാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് ആരോപണങ്ങളുണ്ട്. പദ്ധതി ഇന്നും എവിടെയും എത്തിയില്ല എന്നുള്ളത് നിലവിലിരിക്കെയാണ്, 2020ലെ ദുരന്ത നിവാരണത്തിനായി കെ.പി.എം.ജി യെ പതിനെട്ട് കോടിയലധികം ഫീസ് നിശ്ചയച്ച് കണ്‍സല്‍ട്ടന്‍സി നല്‍കാന്‍ തീരുമാനിക്കുന്നത്.

മുഖ്യമന്ത്രിയുടെ നെതര്‍ ലാന്റ് സന്ദര്‍ശത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയ കെ.പി.എം.ജി യെ പിണക്കാന്‍ സാധിക്കില്ലെന്നതായിരിക്കാം സര്‍ക്കാര്‍ നിലപാട്. കൂടാതെ, കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാന്‍ മൂന്ന് കോടി ഫീസ് നിശ്ചയിച്ച സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കൊയെ മറികടന്നാണ് പത്ത് കോടി രൂപയിലധികം ഫീസ് നിശ്ചയിച്ച് കിയാല്‍, കരാര്‍ കെ.പി.എം.ജി ക്ക് കൈമാറുന്നത്. ഒരു വര്‍ഷമായിട്ടും ഒരനക്കവും നടത്താത്ത കെ.പി.എം.ജി.ക്കെതിരെ ആക്ഷേപമുയര്‍ന്നപ്പോള്‍, കൊറോണയാണ് കാരണമെന്ന് ന്യായവാദം സമര്‍പ്പിച്ച കെ.പി.എം.ജി യെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ ഇനിയുിം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുമില്ല.

2022 ആകുമ്പോഴേക്കും പത്ത് ലക്ഷത്തോളം ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുന്ന ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സല്‍ട്ടണ്‍സി ഇന്ത്യയുടെ തന്നെ കരിമ്പട്ടികയിലുള്‍പ്പെട്ട പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കുത്തക കമ്പനിക്കാണ് നല്‍കിയത്. രാജ്യത്ത് 9 കേസുകളാണ് ഈ കമ്പനിക്കെതിരെ ഫയല്‍ ചെയ്തിട്ടുള്ളത്. ഒരു ബസ്സിന് ഒന്നര കോടി വെച്ച്, ആദ്യ ഘട്ടത്തില്‍ 3000 ബസ്സുകള്‍ നിരത്തിലിറക്കാന്‍ 4500 കോടി പദ്ധതി കണക്കാക്കിയപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സിയും ധനവകുപ്പും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കാണാത്ത ഫയല്‍ ഐ.ടി സെക്രട്ടറിയാണ് ഒപ്പ് വെച്ച് പദ്ധതികള്‍ക്കംഗീകാരം നല്‍കിയത്. പദ്ധതി പഠനം കണ്‍സല്‍ട്ടണ്‍സി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഹെസ്സ് എന്ന സ്വിസ് കമ്പനിയെ കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഏല്‍പിച്ചിരുന്നു. ഇതില്‍ നിന്ന് തന്നെ കണ്‍സല്‍ട്ടണ്‍സിയെ മറയാക്കി കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന അഴിമതി പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണ്.

മാത്രമല്ല ഇ ബസ്സ് പദ്ധതി, ചൈനയിലൊഴികെ മറ്റു രാജ്യങ്ങളിലൊക്കെ പ്രാഥമിക ഘട്ടത്തിലാണ്. വലിയ ഭാരമുള്ള ബാറ്ററിയുടെ കൂടിയ വില, ചാര്‍ജിംഗ് സെന്ററുകള്‍ രൂപപ്പെടുത്തുന്നതിന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ പരിഗണിക്കുമ്പോള്‍, കേരളത്തിനിത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി യുടെ വിലയിരുത്തല്‍. 600 ബസ് ലക്ഷ്യമിട്ട കെ.എസ്.ആര്‍.ടി.സിക്ക് ഇത് വരെ വാടകക്കെടുക്കാന്‍ സാധിച്ചത് 10 ബസ്സുകളാണ്. കിലോമീറിന് 26 രൂപ നഷ്ടം വഹിച്ചു കൊണ്ട് പോകുന്ന കെ.എസ്.ആര്‍.ടി.സി ക്ക്, കീലോമീറ്ററിന് 8 രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കൊണ്ടൊന്നും വായ്പ തിരിച്ചടക്കാനോ, പ്രതിദിന നഷ്ടം നികത്താനോ സാധിക്കുന്നില്ല.

ഇന്ത്യയില്‍ തന്നെ ആദ്യത്തെ ബഹിരാകാശ പദ്ധതിയായ സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ ചുമതല ഏല്‍പിക്കുന്നത് പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സിനാണ്. ഈ പദ്ധതിയുടെ ലൈസന്‍സ് മാര്‍ക്കറ്റിംഗ് ഓഫീസറായി നിശ്ചയിച്ച സ്വപ്ന സുരേഷിനെ സ്വര്‍ണ്ണക്കടത്തുമായി പിടിക്കപ്പെട്ടപ്പോഴാണ് കണ്‍സല്‍ട്ടണ്‍സികളെ മുന്നില്‍ നിര്‍ത്തി ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കഥകളുടെ കെട്ടഴിയുന്നത് തന്നെ. പദ്ധതികള്‍ക്കൊക്കെയും കരാര്‍ ഒപ്പിട്ട ഐ.ടി സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കറിന് സസ്‌പെന്‍ഷന്‍ നല്‍കി സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടില്‍, മറ്റു പല കണ്‍സല്‍ട്ടന്‍സികളുടെ കാര്യം മറച്ചു പിടിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല.

2020 ഡിസംബര്‍ ആവുമ്പോഴേക്കും ഇന്റര്‍നെറ്റ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്, നൂറ് ശതമാനം ജനങ്ങളും ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൊട്ടിഘോഷിച്ച കെ ഫോണ്‍ പദ്ധതിയുടെയും കണ്‍സല്‍ട്ടണ്‍സി PWCക്ക് ആയിരുന്നു. സ്വര്‍ണ്ണക്കടത്തുമായി എന്‍.ഐ.എ, ശിവ ശങ്കറിനെ ചോദ്യം ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ, ഇ മൊബിലിറ്റി, കെ ഫോണ്‍, സ്‌പേസ് പാര്‍ക്ക് തുടങ്ങിയ പദ്ധതിയില്‍ നിന്നും PWC ഒഴിവാക്കിയതായി പ്രഖ്യാപിച്ചു.

കരിമ്പട്ടികയിലുള്‍പ്പെട്ട PWCയെ കരാറുകള്‍ പലതും ഏല്‍പിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍, അത് ആഡിറ്റിംഗ് കമ്പനിയുടെ പേരിലാണെന്നും, ഇതങ്ങനെയല്ലന്നും പറഞ്ഞ് PWCയെ വെള്ളപൂശിയ മുഖ്യമന്ത്രിക്ക്, എല്ലാ ഉത്തരവാദിത്വവും ശിവശങ്കറിന്റെ തലയില്‍ വെച്ച് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഐ.ടി കമ്പനിയായ എക്‌സലോജികിന് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടന്റ് ജെയ്ക് ബാലകുമാള്‍ 16 വര്‍ഷമായി PWC യുടെ ഡയറക്ടറാണെന്നുള്ളത് ഇതിനോടൊപ്പം കൂട്ടി വായിക്കുന്നതിനെ തള്ളിക്കളയാനാവുകയില്ല.

കോവിഡ് 19 ഡാറ്റ അനാലിസിസുമായി ബന്ധപ്പെട്ട സ്പ്രിന്‍ക്ലറിന്റെയും അവസ്ഥ മറ്റൊന്നല്ല, കുത്തക കമ്പനികള്‍ക്ക്, തങ്ങളുടെ പ്രൊഡക്റ്റ് വിറ്റഴിക്കാനുള്ള കസ്റ്റമറെ കണ്ടെത്തിക്കൊടുക്കുന്ന പണി ചെയ്യുന്ന സപ്രിന്‍ക്ലര്‍ സൗജന്യ സേവന വാഗ്ദാനവുമായി കേരളത്തെ തേടി വരുമ്പോള്‍ തന്നെ, അതിന്റെ ലാഭേച്ച നമുക്കൂഹിക്കാവുന്നതാണ്. ഇന്ന് ലോകത്ത്, ഏറ്റവും മൂല്യമുള്ള മൂലധനമാണ് പല തരത്തിലുള്ള വിവര ശേഖരണങ്ങള്‍: കുത്തക കമ്പനികള്‍ക്കിന്ന് കച്ചവടം നടത്താന്‍ വലിയ കമ്പനികളോ, നൂറുകണക്കിന് തൊഴിലാളികളോ, കോടിക്കണക്കിന് രൂപയോ ആവശ്യമില്ല. 1500 ഐ.ടി പ്രഫഷനല്‍സും വിവര ശേഖരണവും (Data) ഉണ്ടെങ്കില്‍ എല്ലാ രാജ്യത്തെയും ഉപഭോക്താക്കള്‍ക്കും അവരുടെ അഭിരുചിയനുസരിച്ച് സാധനങ്ങള്‍ കൈമാറാം.

ഡാറ്റ ശേഖരണത്തിലൂടെ കുത്തക കമ്പനികളെ സഹായിക്കുന്ന സ്പ്രിന്‍ക്ലര്‍ പ്രവര്‍ത്തിക്കുന്നത്, ഡിലോയിറ്റി എന്ന കണ്‍സല്‍ട്ടണ്‍സിയുടെ കൂടെയാണ്. മോഡി സര്‍ക്കാര്‍ ബി.പി.സി.എല്‍ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍, കണക്കുകള്‍ തയ്യാറാക്കി ആര്‍ക്ക് വില്‍ക്കണമെന്ന പീനം നടത്താന്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് കണ്‍സള്‍ട്ടണ്‍സിയെ നിശ്ചയിക്കാന്‍ തുനിഞ്ഞ കേന്ദ്ര സര്‍ക്കാറിന്റെ മുമ്പിലേക്ക്, വെറും ഒരു രൂപ കണ്‍സല്‍ട്ടണ്‍സി ഫീസ് വാഗ്ദാനം ചെയ്തു കൊണ്ട് ഡിലോയിറ്റി രംഗത്ത് വന്നതും മൂല്യവര്‍ദ്ധിത മൂലധനമായ ഡാറ്റയെ ആശ്രയിച്ചാണ്.

ഇത്രയും വിലമതിക്കുന്ന ഡാറ്റ കൈകാര്യം ചെയ്യാനവസരം കിട്ടുമ്പോഴും സ്പ്രിന്‍ക്ലര്‍ 6 മാസത്തേക്കാണ് സൗജന്യ സേവനം വാഗ്ദാനം ചെയ്തുള്ളുവെന്നതും, ഇതിന് പിന്നിലെ അഴിമതിയെ ചൂണ്ടി കാട്ടുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ കൈമാറരുതെന്ന് ഹൈകോടതി വിജ്ഞാപനം ഇറക്കുന്നത് വരെ സര്‍ക്കാര്‍ സ്പ്രിന്‍ക്‌ളര്‍ ഡാറ്റ അഴിമതിക്ക് കൂട്ടു നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

പ്രവാസികളുടെ പുനരുദ്ധാരണത്തിനുള്ള ഡ്രീം കേരള, പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ അവരോട് ഒരു ദയാദാക്ഷീണ്യവും കാണിച്ചില്ല.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി, വേള്‍ഡ് ബാങ്കിന് കീഴിലുള്ള 190 രാജ്യങ്ങളില്‍ നൂറാം സ്ഥാനത്തുള്ള കേരളം മുന്‍പിലേക്കെത്താന്‍, തൊഴിലാളി അനുകൂല നിയമങ്ങളായ, ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് കൊമേഴ്‌സ്യല്‍ ആക്ട്, ചുമട്ട് തൊഴിലാളി നിയമങ്ങള്‍, പഞ്ചായത്തി രാജ് ആക്ട്, തുടങ്ങിയവയില്‍ പോലും ഭേദഗതികള്‍ വരുത്തി.

വികസനത്തിന്റെ പേര് പറഞ്ഞ്, സ്വന്തം ജനങ്ങളെ, ദുരന്ത മുഖത്ത് പോലും വഞ്ചിക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍, കേരളത്തിലെ വകുപ്പ് തല മന്ത്രിമാരെയൊക്കെ നോക്കു കുത്തികളാക്കി, എല്ലാം കണ്‍സല്‍ട്ടണ്‍സികളെ ഏല്‍പിച്ച് ഏകാധിപത്യ ഭരണം കാഴ്ച വെക്കുന്ന മുഖ്യമന്ത്രിക്ക് , കണ്‍സല്‍ട്ടണ്‍സിയുടെ പേരിലുള്ള അഴിമതികളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല.

കണക്കു കൂട്ടിയാല്‍, സ്വന്തക്കാര്‍ക്കും അടുപ്പക്കാര്‍ക്കും മാത്രം ലാഭമുണ്ടാകുന്ന സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാകുന്ന, ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന പദ്ധതികള്‍ കുത്തക കമ്പനികളെ സഹായിക്കാനുള്ളതാണെന്ന സമവാക്യം ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാജിദ സുബൈദ

We use cookies to give you the best possible experience. Learn more