സ്വകാര്യ ബസ് സമരം : ചര്‍ച്ചയ്ക്കില്ലെന്ന് മന്ത്രി ആര്യാടന്‍
Kerala
സ്വകാര്യ ബസ് സമരം : ചര്‍ച്ചയ്ക്കില്ലെന്ന് മന്ത്രി ആര്യാടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th December 2013, 5:10 pm

[]തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസുടമകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും ഇതിനായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ദ്ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലെ  ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 18 മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കാന്‍ സ്വാകാര്യ ബസുടമകളുടെ സംയുക്ത സമരസമിതിയാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിന് മുന്നോടിയായി 14ന് സൂചനാ പണിമുടക്കും നടത്തും.

നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്. നിലവില്‍ മിനിമം ചാര്‍ജ്ജ് ആറ് രൂപയാണ്. ഇത് ഉയര്‍ത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

കുറഞ്ഞത് എട്ട് രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നാണ് ആവശ്യം. കൂടാതെ നിരക്ക് കിലോമീറ്ററിന് 60 പൈസ കൂട്ടണമെന്നും ആവശ്യപ്പെടുന്നു.