Kerala News
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 27, 06:15 am
Sunday, 27th March 2022, 11:45 am

തിരുവനന്തപുരം: നാല് ദിവസമായി നടക്കുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സംയുക്ത ബസ് ഉടമാ സമിതി നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചതായുള്ള പ്രഖ്യാപനം വന്നത്. അതേസമയം എന്നുമുതലായിരിക്കും ചാര്‍ജ് വര്‍ധനവ് നിലവില്‍ വരികയെന്നോ എത്ര രൂപയാണ് വര്‍ധിപ്പിക്കുകയെന്നോ വ്യക്തമാക്കിയിട്ടില്ല.

ഞായറാഴ്ച രാവിലെ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ ബസ് ഉടമകള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സമരം പിന്‍വലിച്ചതായി ബസുടമകള്‍ വ്യക്തമാക്കിയത്.

വാഹനനികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യത്തിന്മേലും അനുഭവപൂര്‍ണമായ നിലപാട് സ്വീകരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസ് ഉടമാ സമിതിയുടെ കണ്‍വീനര്‍ ഗോപിനാഥ് പറഞ്ഞു.

Content Highlight: Private Bus strike cancelled, CM Pinarayi Vijayan said, will approve bus charge hike