Kerala News
അമിത ടോള്‍ അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസുകള്‍, ഒപ്പം ചേര്‍ന്ന് യാത്രക്കാരും; പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാടകീയ രംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 11, 04:53 am
Monday, 11th April 2022, 10:23 am

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം. ടോളിനായി തടഞ്ഞിട്ട ബസുകള്‍ ബാരിക്കേഡുകള്‍ മാറ്റി യാത്രക്കാര്‍ കടത്തിവിട്ടു. പാലക്കാട്- തൃശൂര്‍ റൂട്ടിലെ ബസുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബസുകള്‍ തടഞ്ഞാല്‍ സര്‍വീസ് നിര്‍ത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. തിങ്കളാഴ്ച ഈ റൂട്ടില്‍ സര്‍വീസ്് നടത്തില്ലെന്ന് ബസ് ജീവനക്കാരും ഉടമകളും അറിയിച്ചു. ടോള്‍ പ്ലാസയിലെ ആംബുലന്‍സ് ട്രാക്കിലൂടെയാണ് ബസുകള്‍ കടത്തിവിടുന്നത്. പൊലീസിനെ അറിയിച്ചാണ് ടോള്‍ പ്ലാസ അധികൃതര്‍ സ്ഥിത ശാന്തമാക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസം ബാരിക്കേടുകള്‍ തകര്‍ത്തുപോയ സ്വകാര്യ ബസുകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസാണ് ടോള്‍ പ്ലാസ അധികൃതരുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. 27 ബസ് ഡ്രൈവര്‍മാരെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് നടപടി.

പന്നിയങ്കരയില്‍ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതല്‍ ആരംഭിക്കും.