ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള A.M.M.Aയുടെ നിലപാടില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയറിയിച്ച് നടന്‍ പൃഥ്വിരാജ്. സംഘടനയില്‍ നിന്നും രാജിവെച്ച നടിമാരെ അഭിനന്ദിച്ചുകൊണ്ട് താന്‍ അവര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ദ വീക്കിനു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.
“രമ്യയും ഗീതുവും ഭാവനയും റിമയും എന്തിനാണ് A.M.M.Aയില്‍ നിന്നും രാജിവെച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. അവരുടെ ധീരതയേയും തീരുമാനത്തേയും ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ അവര്‍ക്കൊപ്പമാണ്. ” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ വിഷയത്തില് A.M.M.A സ്വീകരിച്ച നിലപാടില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി ഇതായിരുന്നു- ” എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്ന വ്യക്തിയല്ല ഞാന്‍. തീര്‍ച്ചയായും എന്റെ നിലപാട് ശരിയായ സമയത്ത് ശരിയായ ഇടത്തില്‍ ഞാന്‍ വ്യക്തമാക്കും. ”
ആക്രമണത്തിന് ഇരയായ നടി ഇപ്പോഴും തന്റെ അടുത്ത സുഹൃത്താണ്. അവര്‍ കാണിച്ച ധൈര്യത്തിന് അങ്ങേയറ്റം ബഹുമാനിക്കുന്നു. അവരുടെ പോരാട്ടം കേവലം അവര്‍ക്കുവേണ്ടി മാത്രമുളളതല്ല, സിനിമാ രംഗത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സിനിമാ വ്യവസായ രംഗത്തെ വഴിത്തിരിവായിരിക്കും അവരുടെ കേസെന്ന് താന്‍ വിശ്വസിക്കുന്നതായും പൃഥ്വിരാജ് വ്യക്തമാക്കി.
A.M.M.Aയുടെ യോഗത്തില്‍ നിന്നു വിട്ടുനിന്നത് ശരിയാണെന്നും എന്നാല്‍ അത് ബോധപൂര്‍വ്വമായിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. അഞ്ജലി മേനോനുമായുള്ള ചിത്രത്തിന്റെ തിരക്കിലായിരുന്നു താനെന്നും അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയതിന്റെ ക്രഡിറ്റ് തനിക്ക് വേണ്ടെന്നും അത് അമ്മ കൂട്ടായെടുത്ത തീരുമാനമായിരുന്നെന്നും ഗണേഷ് കുമാറിന്റെ ആരോപണത്തെക്കുറിച്ചുളള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു.
“ഗണേഷ് കുമാറിന് അദ്ദേഹത്തിന് പറയാനുള്ളത് പറയാം. അദ്ദേഹം എന്തു പറയുന്നുവെന്നത് ഞാന്‍ കാര്യമാക്കുന്നില്ല. പക്ഷേ ദിലീപിനെ പുറത്താക്കുന്നതിന് ഞാന്‍ ആയുധമായി എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയല്ല. ആ ക്രഡിറ്റ് എനിക്കുവേണ്ട. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം A.M.M.A കൂട്ടായി എടുത്തതാണ്. എല്ലാ അംഗങ്ങളുമായും ബന്ധപ്പെട്ടിരുന്നു.” അദ്ദേഹം വ്യക്തമാക്കി.