ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഓപ്പണര്‍ മുരളി വിജയിയും സ്പിന്നര്‍ കുല്‍ദീപ് യാദവും പുറത്ത്. പകരക്കാരായി യുവതാരങ്ങളായ പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ഉള്‍പ്പെടുത്തി. ആദ്യമായാണ് ഇരുവരും ദേശീയ ടീമില്‍ ഉള്‍പ്പെടുന്നത്.
വെങ്കടേഷ് പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. നേരത്തെ നാല് ടി-20 മത്സരങ്ങള്‍ മാത്രം കളിച്ച റിഷഭ് പന്തിനെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ കളിപ്പിച്ചിരുന്നു.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത നായകനാണ് പൃഥ്വി ഷാ. 18 വയസ് മാത്രമാണ് പ്രായം. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയായ പ്രകടനം നടത്തിയ താരമാണ് ഹനുമ വിഹാരി.
ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇരു താരങ്ങളും സെഞ്ച്വറി നേടിയതോടെയാണ് സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഫോം നഷ്ടമാണ് മുരളി വിജയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ 11 ഇന്നിങ്സുകളില്‍ ആറ് തവണയും താരം റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. അതേസമയം കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ എ ടീമില്‍ കളിക്കുന്നതിനായാണ് തിരികെ വിളിച്ചത്. വിശാഖപട്ടണത്ത് ഓസ്ട്രേലിയന്‍ എ ടീമുമായുള്ള രണ്ട് ചതുര്‍ദിന പോരാട്ടത്തിനായാണ് കുല്‍ദീപിനെ ടീമില്‍ നിന്ന് മാറ്റിയത്.
ആദ്യ രണ്ട് ടെസ്റ്റിലും തോല്‍വി നേരിട്ട ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ശക്തമായി തിരിച്ചുവന്നിരുന്നു. 203 റണ്‍സിനായിരുന്നു ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയത്.
WATCH THIS VIDEO: