നമ്മള്‍ തെന്നിന്ത്യന്‍, ബോളിവുഡ് സിനിമകളെ പറ്റി സംസാരിക്കുന്നു, അടുത്ത 500 കോടി അവിടെ നിന്നുമായിരിക്കും; പൃഥ്വിരാജിനോട് പ്രഭാസ്
Film News
നമ്മള്‍ തെന്നിന്ത്യന്‍, ബോളിവുഡ് സിനിമകളെ പറ്റി സംസാരിക്കുന്നു, അടുത്ത 500 കോടി അവിടെ നിന്നുമായിരിക്കും; പൃഥ്വിരാജിനോട് പ്രഭാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th December 2022, 9:59 pm

തെന്നിന്ത്യന്‍ സിനിമകളുടെ കച്ചവട സാധ്യതകളെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. സിനിമയുടെ കൊമേഴ്‌സ് സംയോജിപ്പിച്ചാല്‍ വലിയ സാധ്യതകളായിരിക്കും തുറന്ന് കിട്ടുക എന്ന് ഫിലിം കമ്പാനിയന്റെ ഫിലിം മേക്കേഴ്‌സ് ആഡയില്‍ പൃഥ്വിരാജ് പറഞ്ഞു.

‘ഉത്തരാഖണ്ഡിലിരുന്ന് ഒരാള്‍ക്ക് മലയാളം സിനിമയോ തെലുങ്ക് സിനിമയോ കന്നഡ സിനിമയോ തമിഴ് സിനിമയോ തിരിച്ചറിയാന്‍ പറ്റില്ലായിരിക്കും. അത് എനിക്കൊരു പ്രശ്‌നമല്ല. വ്യത്യസ്തമായ സിനിമകള്‍ നിര്‍മിക്കുന്നതിലാണ് നമ്മുടെ ശക്തി. മലയാളം ഇന്‍ഡസ്ട്രി നല്ല സിനിമകള്‍ നിര്‍മിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് തമിഴ്, തെലുങ്ക്, കന്നഡ ഇന്‍ഡസ്ട്രികളും.

സിനിമയുടെ കൊമേഴ്‌സ് സംയോജിപ്പിക്കുന്നതില്‍ നാം ലക്ഷ്യം വെക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജമൗലി സാറിനെ പോലുള്ളവര്‍ക്ക് അത് സാധിക്കും. അതുപോലെ വിക്രത്തിലൂടെ ലോകേഷ് കാണിച്ചുതന്നു. വിക്രം കേരളത്തിലും വലിയ ഹിറ്റാണ്. കെ.ജി.എഫിലൂടെ പ്രശാന്തും കച്ചവട സാധ്യത കാണിച്ചുതരുന്നു. അത്തരമൊരു മുന്നേറ്റം മലയാളത്തിലുമുണ്ടാവും. അതെനിക്ക് ഉറപ്പ് പറയാന്‍ പറ്റും. കൊമേഴ്‌സിനെ സംയോജിപ്പിച്ചാല്‍ സിനിമക്ക് വലിയ സ്‌പേസായിരിക്കും ലഭിക്കുക.

ഒറീസയില്‍ നിന്നും ഒരു പുതിയ സിനിമ വന്നിരുന്നു. പേര് ഞാന്‍ മറന്നുപോയി. ഞാനിതുവരെയും കണ്ടില്ല. എല്ലാവരും ആ സിനിമയെ പറ്റിയാണ് എന്നോട് സംസാരിക്കുന്നത്. പ്രശാന്ത് നീല്‍ പോലും ആ സിനിമയെ പറ്റി എന്നോട് സംസാരിച്ചു. നമ്മള്‍ ഇവിടെയിരുന്നു നോര്‍ത്തിനെ പറ്റിയും സൗത്തിനെ പറ്റിയും സംസാരിക്കുകയാണ്. പ്രഭാസ് എന്നോട് സംസാരിച്ചിട്ടുണ്ട്, നോക്കൂ പൃഥ്വി നമ്മളിവിടെ ഇരുന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളെ പറ്റി സംസാരിക്കുകയാണ്. അടുത്ത 500 കോടി സിനിമ ഒറീസയില്‍ നിന്നോ ആസാമില്‍ നിന്നോ ആയിരിക്കും വരുന്നത് എന്നാണദ്ദേഹം എന്നോട് പറഞ്ഞത്,’ പൃഥ്വിരാജ് പറഞ്ഞു.

കാപ്പയാണ് ഇനി ഉടന്‍ റിലീസിനൊരുങ്ങുന്ന പൃഥ്വിരാജിന്റെ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 22നാണ് റിലീസ് ചെയ്യുന്നത്. അപര്‍ണ മുരളി, ആസിഫ് അലി, അന്ന ബെന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: prithvuiraj talks about prabhas comments on odisha movies