| Tuesday, 25th January 2022, 8:16 pm

എല്ലാം സെറ്റാക്കാം അണ്ണാ, എമ്പൂരാന്റെ ബജറ്റ് സെറ്റാക്കണ്ടേ; ആന്റണി പെരുമ്പാവൂരിനെ വീണ്ടും പറ്റിച്ച് പൃഥ്വി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂസിഫറിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്ന ബ്രോ ഡാഡി ഇന്ന് രാത്രി 12 മണിക്ക് ഡിസ്‌നി പ്ലസ് ഹോട് സറ്റാറിലൂടെ റിലീസ് ചെയ്യുകയാണ്. റിലീസിന് മുന്നോടിയായി വന്ന പാട്ടുകളും പ്രൊമോ വീഡിയോകളും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതില്‍ ആദ്യം പുറത്ത് വന്നത് പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഒന്നിച്ചഭിനയിച്ച പ്രൊമോ വീഡിയോ ആയിരുന്നു. ബ്രോ ഡാഡിയില്‍ പൊലീസ് വേഷത്തില്‍ ആന്റണിയും എത്തുന്നുണ്ട്.

കഥ പറയാന്‍ വരുന്ന പൃഥ്വിരാജിനോട് രണ്ട് സിനിമ കൂടി കഴിഞ്ഞ് ചെയ്യാമെന്നാണ് ആന്റണി പറയുന്നത്. ഉടനെ അണ്ണന് ഒരു മാസ് പൊലീസ് വേഷമുണ്ടെന്ന് പറഞ്ഞ് ഉടന്‍ തന്നെ സിനിമ ഷൂട്ട് ചെയ്യാമെന്ന് ആന്റണിയെ കൊണ്ട് പറയിക്കുന്നതായിരുന്നു രസകരമായ വീഡിയോ.

ഇപ്പോഴിതാ അണ്ണന്മാര്‍ വീണ്ടും മാസ് പൊലീസ് വേഷം ചര്‍ച്ചയാക്കിയിരിക്കുകയാണ്. ബ്രോ ഡാഡിയെ പറ്റിയുള്ള മോഹന്‍ലാലിന്റെ ട്വീറ്റിന് താഴെയായിരുന്നു ഇരുവരുടെയും ചര്‍ച്ച.

‘ഞാന്‍ തമാശ പറയുകയല്ല, ഈശോ ജോണ്‍ കാറ്റാടിയെ പോലെയൊരു മകന്‍ എല്ലാ അച്ഛന്മാരുടെയും സ്വപ്‌നമാണ്,’ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്.

ഇതിനു താഴെ പൃഥ്വിരാജിനെ മെന്‍ഷന്‍ ചെയ്ത് ‘അണ്ണാ നമ്മുടെ എസ്.ഐ ആന്റണി സ്റ്റാന്‍ഡ് എലോണ്‍ മൂവി?,’ എന്നാണ് ആന്റണി കുറിച്ചത്. മിനിട്ടുകള്‍ക്കകം പൃഥ്വിരാജ് ആന്റണിക്ക് മറുപടിയുമായി എത്തി. ‘സെറ്റ് ആക്കാം അണ്ണാ, അതിരിക്കട്ടെ നമ്മുടെ എമ്പുരാന്‍ ബജറ്റില്‍ ഒന്നുകൂടെ ഇരിക്കണ്ടെ,’ എന്നാണ് പൃഥ്വിരാജ് മറുപടി നല്‍കിയത്.

ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍.

ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


Content Highlight: prithviraj trolls antony perumbavoor

We use cookies to give you the best possible experience. Learn more