ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജെത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐ.എ.എന്‍.എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ ലൂസിഫറില്‍ നിന്നും വ്യത്യസ്തമായി ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നറായാണ് ബ്രോ ഡാഡിയെത്തുന്നത്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാകും ബ്രോ ഡാഡിയെന്നും ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് ചിത്രമൊരുകുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ജഗദീഷാണ്. അദ്ദേഹം ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിന്റെ സംവിധാനമികവിനെ കുറിച്ച് പറയുന്നുണ്ട്. വളരെ പ്രൊഫഷണലായ വ്യക്തിയാണ് പൃഥ്വിരാജെന്ന് ജഗദീഷ് പറയുന്നു.
സിനിമയുടെ 80 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായി കഴിഞ്ഞെന്നും ഇതുവരെയുള്ള ദിവസങ്ങളിലായി കണ്ട പൃഥ്വിരാജിന്റെ സംവിധാനമികവില്‍ താന്‍ ശരിക്കും അത്ഭുതപ്പെട്ടിരിക്കുകയാണെന്നും ജഗദീഷ് പറയുന്നു.
‘ഫിലിം മേക്കിങ്ങിന്റെ ഓരോ വശങ്ങളും പൃഥ്വിക്ക് നന്നായിട്ടറിയാം, ക്യാമറയും ലെന്‍സും ലൈറ്റിങ്ങും വരെ. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു അഭിനേതാവിന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുമാകും. മോഹന്‍ലാലിന്റെ കാര്യത്തിലായാല്‍ പോലും അങ്ങനെ തന്നെയാണ്,’ ജഗദീഷ് പറയുന്നു.
ബ്രോ ഡാഡിയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ടുള്ള ഫോണ്‍ കോള്‍ വന്നപ്പോള്‍ തോന്നിയ സന്തോഷം ലൊക്കേഷനിലെത്തിയപ്പോള്‍ ഇരട്ടിയായെന്നും ജഗദീഷ് അഭിമുഖത്തില്‍ പറഞ്ഞു.
ലാലു അലക്‌സ്, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, കനിഹ, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്. തെലങ്കാനയിലാണ് നിലവില്‍ ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്.