വിലായത്ത് ബുദ്ധ ഒരുങ്ങുന്നു,ചന്ദനത്തടി കടത്തുകാരനായി പൃഥ്വിരാജ്; സച്ചിയുടെ അവസാന തിരക്കഥ സിനിമയാക്കാന്‍ ജയന്‍ നമ്പ്യാര്‍
Malayalam Cinema
വിലായത്ത് ബുദ്ധ ഒരുങ്ങുന്നു,ചന്ദനത്തടി കടത്തുകാരനായി പൃഥ്വിരാജ്; സച്ചിയുടെ അവസാന തിരക്കഥ സിനിമയാക്കാന്‍ ജയന്‍ നമ്പ്യാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th September 2020, 4:20 pm

കൊച്ചി: പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി അന്തരിച്ച സച്ചി തിരക്കഥയെഴുതിയ സിനിമ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യും. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍.

ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. വിലായത്ത് ബുദ്ധയുടെ പണിപ്പുരയിലിരിക്കെയാണ് സച്ചി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. തുടര്‍ന്നാണ് ഹൃദയസ്തംഭനമുണ്ടായത്.

‘എന്റെ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം വിലായത്ത് ബുദ്ധയിലേക്ക് കടക്കാനായിരുന്നു സച്ചിയേട്ടന്‍ പദ്ധതിയിട്ടിരുന്നത്. ഇപ്പോള്‍ ആ സിനിമ ഞാന്‍ ഏറ്റെടുക്കുകയാണ്. കൊവിഡിന് ശേഷം ഷൂട്ടിംഗ് തുടങ്ങും. സച്ചിയേട്ടന്‍ വര്‍ക്ക് ചെയ്ത സിനിമ എന്ന നിലയല്‍ ഇത് വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ്’, ജയന്‍ പറഞ്ഞു.

ജി.ആര്‍ ഇന്ദുഗോപനും ഓള്‍ഡ് മൊങ്ക്സ് ഡിസൈനിലെ രാജേഷിനുമൊപ്പം ചേര്‍ന്ന് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം സിനിമയുടെ തിരക്കഥയിലേക്ക് കടക്കാന്‍ തീരുമാനിച്ചിരിക്കെയായിരുന്നു സച്ചിയുടെ മരണം.

ചന്ദനത്തടികളുടെ കള്ളക്കടത്തുകാരന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. മറയൂരിലായിരിക്കും ചിത്രീകരണം.

ഡബിള്‍ മോഹനന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്നാല്‍ സിനിമയിലെ മറ്റൊരു കേന്ദ്രകഥാപാത്രമായ ഭാസ്‌കരന്‍ മാഷ് ആരായിരിക്കുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ജയന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ