|

തെലുങ്കിലേക്ക് തിരിച്ചു വരവിനൊരുങ്ങി പൃഥ്വിരാജ്; പ്രഭാസിനൊപ്പം സലാറില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടോളിവുഡിലേക്ക് വീണ്ടും കാല്‍വെയ്പ് നടത്താനൊരുങ്ങി പൃഥ്വിരാജ്. പ്രഭാസ് നായകനാവുന്ന ‘സലാര്‍’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാവാനൊരുങ്ങുന്നത്.

കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെയാണ് പൃഥ്വി വീണ്ടും തെലുങ്കിലേക്കെത്തുന്നത്. ഇതിന് മുന്‍പ് 2010ല്‍ പുറത്തിറങ്ങിയ പൊലീസ് പൊലീസ് എന്ന തെലുങ്ക് ചിത്രത്തിലും പൃഥ്വിരാജ് വേഷമിട്ടിരുന്നു.

പാന്‍ ഇന്ത്യന്‍ സിനിമയായാണ് സലാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ശ്രുതി ഹാസന്‍, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകനായ പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. കെ.ജി.എഫിന്റെ നിര്‍മാതാക്കളായ ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടുരാണ് സലാറും നിര്‍മിക്കുന്നത്.

ചിത്രം 2022 ഏപ്രിലില്‍ പുറത്തുവരുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

രവി.കെ. ചന്ദ്രന്‍ സംവിധാനം ചെയ്ത് ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയ ഭ്രമം ആണ് പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം.

ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമ പൃഥ്വി സംവിധാനം ചെയ്തിരുന്നു. പൃഥ്വിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്, ഷാജി കൈലാസിന്റെ കടുവ, ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ പ്രൊജക്റ്റുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Prithviraj to act in Telugu Film with Prabhas