ഫുട്ബോളിലെ ഏറ്റവും പ്രിയപ്പെട്ട താരം അദ്ദേഹമാണ്: പൃഥ്വിരാജ് സുകുമാരൻ
Football
ഫുട്ബോളിലെ ഏറ്റവും പ്രിയപ്പെട്ട താരം അദ്ദേഹമാണ്: പൃഥ്വിരാജ് സുകുമാരൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th August 2024, 12:00 pm

ഫുട്‌ബോളിലെ തനിക്ക് ഇഷ്ടപ്പെട്ട താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് സിനിമാ താരം പൃഥ്വിരാജ് സുകുമാരൻ. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയാണ് പൃഥ്വിരാജ് പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം കേരള സൂപ്പര്‍ ലീഗിലെ തന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ എഫ്.സിയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ഫുട്‌ബോളില്‍ ഫേവറിറ്റ് ഫുട്‌ബോളര്‍ സേഫ് മറഡോണ എന്ന് പറയുന്നതായിരിക്കുമെങ്കിലും മെസിയാണ് തന്റെ ഇഷ്ടതാരമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ഫുട്‌ബോളില്‍ ഐതിഹാസികമായ ഒരു കരിയറാണ് മെസി പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും താരം പന്തുതട്ടി.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

അതേസമയം സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ക്ലബ്ബായ കൊച്ചി പൈപ്പേഴ്‌സിന്റെ ഓഹരിയാണ് പൃഥ്വിരാജ് സുകുമാരൻ വാങ്ങിയിരുന്നത്. ഇതിന് പിന്നാലെ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ സഹ ഉടമയാകുന്ന കേരളത്തിലെ ആദ്യ സിനിമതാരമായി മാറാനും പൃഥ്വിക്ക് സാധിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ ആറ് ടീമുകളാണ് കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്. കാലിക്കറ്റ് എഫ്.സി, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി, ഫോഴ്‌സ കൊച്ചി എഫ്സി, മലപ്പുറം എഫ്.സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി, തൃശൂര്‍ മാജിക് എഫ്.സി എന്നീ ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നത്.

സെപ്റ്റംബറിലാണ് കേരളത്തിന്റെ ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ടൂര്‍ണമെന്റായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content Highlight: Prithviraj Talks Lionel Messi is His Favorite Footballer