അഞ്ച് വര്‍ഷം മുന്നേ ഇങ്ങനെയൊരു കാര്യം മലയാളസിനിമയില്‍ ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു: പൃഥ്വിരാജ്
Entertainment
അഞ്ച് വര്‍ഷം മുന്നേ ഇങ്ങനെയൊരു കാര്യം മലയാളസിനിമയില്‍ ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th March 2024, 7:04 pm

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമ കൈവരിച്ച വളര്‍ച്ചയെക്കുറിച്ച് താരം സംസാരിച്ചു. പ്രേമലു തെലുങ്കാനയിലും മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും നേടിയ വലിയ സ്വീകാര്യതയെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

‘ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും കാരണമെന്ന് ഞാന്‍ കരുതുന്നത്, കഴിഞ്ഞ കുറച്ചു കാലങ്ങളായി നമ്മുടെ ഇന്‍ഡസ്ട്രി നടത്തിയ അസൂയപ്പെടുത്തുന്ന തരത്തിലുള്ള പരിണാമം കാരണമാണെന്നാണ്. അതൊരു നാചുറല്‍ പ്രൊസസ് ആണ്. ഈ വളര്‍ച്ചക്ക് പ്രധാനമെന്ന് തോന്നുന്ന കാരണങ്ങളിലൊന്ന് നമ്മള്‍ ഉണ്ടാക്കുന്ന മികച്ച സിനിമകളാണ്.

ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഫേസില്‍ നല്ല ഫിലിം മേക്കേഴ്‌സിനെയും, നല്ല ടെക്‌നിഷ്യന്മാരെയും, നല്ല എഴുത്തുകാരെയും, നല്ല അഭിനേതാക്കളെയും കൊണ്ട് നമ്മള്‍ ബ്ലെസ്ഡ് ആണ്. അതിന്റെയെല്ലാം കൂടെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മാതാക്കളും ഇതില്‍ പങ്കാളികളാണ്. അവരെല്ലാവരും ഉണ്ടാക്കുന്ന നല്ല സിനിമകളാണ് ഇതിന്റെ ഫൗണ്ടേഷന്‍.

ഇപ്പോള്‍ നമ്മള്‍ തിരിച്ചറിയേണ്ട മറ്റൊരു കാര്യമാണ് എല്ലായിടത്തും പ്രോപ്പറായിട്ടുള്ള വിതരണം. ഇന്ത്യക്കകത്ത്, അതായത്, കേരളത്തിന് പുറത്തെ മാര്‍ക്കറ്റ്, ഇന്ത്യക്ക് പുറത്തെ മാര്‍ക്കറ്റ് ഇവിടെയുള്ളവര്‍ക്കെല്ലാം നമ്മുടെ സിനിമ ആക്‌സസ് ചെയ്യാനുള്ള അവസരം നമ്മള്‍ ശ്രദ്ധിക്കണം. അഞ്ച് വര്‍ഷം മുന്നേ, ഒരു മലയാള സിനിമയെ തമിഴില്‍ റെഡ് ജയന്റ്‌സും, തെലുങ്കില്‍ മൈത്രി മൂവി മേക്കേഴ്‌സും കന്നഡയില്‍ ഹോംബാലെയും വിതരണം ചെയ്യുമെന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായിരുന്നു.

ഇവരോടെല്ലാം ഈ സിനിമ ഏറ്റെടുക്കാന്‍ പറ്റുമോ എന്ന് ചോദിക്കാന്‍ എനിക്ക് വേണ്ടി വന്നത് ഒരൊറ്റ ഫോണ്‍കോള്‍ മാത്രമായിരുന്നു. കേട്ടയുടനെ അവര്‍ അതിന് സമ്മതിച്ചു. അതിന് കാരണം അവരും അത്രക്ക് നല്ല വിഷണറികള്‍ ആണെന്നുള്ളതാണ്. മലയാള സിനിമയെക്കുറിച്ച് മാത്രമല്ല അവര്‍ ചിന്തിക്കുന്നത്. എല്ലാവരുടെയും ഉയര്‍ച്ചയാണ് അവരും ലക്ഷ്യം വെക്കുന്നത്,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj talks about the growth of Malayalam cinema