| Monday, 20th March 2023, 9:23 am

എന്റെ മകളുള്‍പ്പെടെയുള്ള ജനറേഷന്‍ അങ്ങനെയാണ്, പ്രശാന്ത് നീലുമായി ഇക്കാര്യം ഞാന്‍ സംസാരിച്ചിട്ടുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ വന്ന മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. കൊവിഡ് വന്നത് കൊണ്ട് മാത്രമല്ല ആളുകള്‍ സിനിമ കാണുന്ന രീതി മാറിയതെന്നും ഒരു കാര്യത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന സമയത്തിന് മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ വരുന്നത് വരെ സ്‌വൈപ് ചെയ്ത് വിടുന്നത് പോലെയുള്ള മാറ്റം സിനിമയിലും വന്നിട്ടുണ്ടെന്ന് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘ആളുകള്‍ സിനിമ കാണുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. അത് കൊവിഡിന്റെ പശ്ചാത്തലം കൊണ്ട് മാത്രമല്ല. ബേസിക് ഹ്യൂമന്‍ അറ്റന്‍ഷന്‍ സ്പാന്‍ വളരെ കുറഞ്ഞിട്ടുണ്ട്. വാര്‍ത്ത കാണാന്‍ ഇരിക്കുമ്പോള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല ഒരു ചാനലില്‍ നടന്നുകൊണ്ടിരിക്കുന്നതെങ്കില്‍ ചാനല്‍ മാറ്റും. ഫേസ്ബുക്ക് ടൈം ലൈന്‍ തുറന്നാല്‍ നമുക്ക് താല്‍പര്യമുള്ളതല്ലെങ്കില്‍ അത് സ്‌വൈപ് അപ്പ് ചെയ്യും. സമയം കളയാന്‍ ഇന്‍സ്റ്റഗ്രാം ടൈംലൈന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ താല്‍പര്യം തോന്നുന്ന ഒരു സ്ലൈഡ് വരുന്നത് വരെ അത് സ്‌വൈപ്പ് അപ്പ് ചെയ്തുകൊണ്ടിരിക്കും. നമ്മുടെ അറ്റന്‍ഷന്‍ സ്പാന്‍ വളരെയധികം കുറഞ്ഞിട്ടുണ്ട്.

ഫിലിം മേക്കിങ്ങിലും അതിനെ പറ്റി ധാരണയുണ്ടാവണം എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ തലമുറ നോക്കുകയാണെങ്കില്‍, ഉദാഹരണത്തിന് എന്റെ മകളൊക്കെ ഗ്രാസ്പ് ചെയ്യുന്ന ഇന്‍ഫര്‍മേഷന്റെ അളവൊക്കെ വളരെ വലുതാണ്. ഒരുപാട് കാര്യങ്ങള്‍ ഗ്രാസ്പ് ചെയ്യാന്‍ ഇത്ര സമയം വേണമെന്ന് നമ്മള്‍ കരുതുമ്പോള്‍ അവര്‍ക്ക് അതിലും കുറച്ച് സമയം മതി. ഈ ഡിസ്‌കഷന്‍ ഞാന്‍ പ്രശാന്ത് നീലുമായി നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സലാറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

പ്രശാന്ത് ഒരു എഡിറ്റര്‍ കൂടിയാണ്. നമ്മള്‍ ചെയ്യുന്ന സിനിമയില്‍ ഒരു ഫിലിം മേക്കറെന്ന നിലയില്‍ വളരെ പ്രസക്തമായ ഭാഗങ്ങള്‍ ഒന്നുകൂടി ആളുകളിലേക്ക് എത്തിക്കണമെന്നും സസ്റ്റെയ്ന്‍ ചെയ്യിക്കണമെന്നും തോന്നും. കെ.ജി.എഫ് ടുവിന്റെ എഡിറ്റ് ശ്രദ്ധിക്കുകയാണെങ്കില്‍, അങ്ങനെ സസ്‌റ്റെയ്ന്‍ ചെയ്യാതെ പെട്ടെന്ന് കട്ട് ചെയ്ത് അടുത്ത രംഗത്തിലേക്ക് പോകുന്ന സ്വഭാവമുണ്ട്. അത് ആ തിരിച്ചറിവില്‍ നിന്നും ഉണ്ടാകുന്നതാണ്.

ആളുകളുടെ അറ്റന്‍ഷന്‍ സ്പാന്‍ അത്ര മാത്രമേ ഉള്ളൂ എന്നത് മാത്രമല്ല, അത്രയും ഇന്‍ഫര്‍മേഷന്‍ ഗ്രാസ്പ് ചെയ്യാന്‍ ഇത്രയും സമയം മതി എന്നതിലേക്ക് നമ്മള്‍ ഇവോള്‍വ് ചെയ്ത് കഴിഞ്ഞു. ഫിലിം മേക്കിങ്ങില്‍ അക്കാര്യത്തെ പറ്റി അറിഞ്ഞിരിക്കണം,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: prithviraj talks about the changes in cinema

We use cookies to give you the best possible experience. Learn more