2010ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് രാവണന്‍. വിക്രം, ഐശ്വര്യ റായ്, പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്.
രാവണനില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിലെ ഒരു ഷോട്ടിനായി മൂന്ന് ദിവസം ഷൂട്ട് നിര്‍ത്തിവെച്ചുവെന്നും മണിരത്‌നത്തിന് ആ രംഗം അത്രക്കും അത്യാവശമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാവണിലെ ഒരു രംഗം വാഴച്ചാലില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. വെള്ളച്ചാട്ടത്തിന് മുകളില്‍ വെച്ച് മണിരത്‌നം സാറിന് ഒരു ഷോട്ട് വേണമായിരുന്നു. സ്ട്രാഡാ ക്രെയ്ന്‍ വെച്ച് ആ ഷോട്ട് എടുക്കണമെങ്കില്‍ പാറയുടെ മുകളില്‍ ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കണമെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ സമീദ പറഞ്ഞു. അതിന് മൂന്ന് ദിവസം ഷൂട്ട് തന്നെ നിര്‍ത്തിവെക്കണം.
മറ്റേതെങ്കിലും സംവിധായകരാണെങ്കില്‍ വേറെ വഴി നോക്കാമെന്ന് പറയും. പക്ഷേ മണി സാര്‍ ഓക്കെ പറഞ്ഞു. ആ പ്ലാറ്റ്‌ഫോം ഇപ്പോഴും അവിടെ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ആ ഷോട്ട് അദ്ദേഹത്തിന് അത്രയും അത്യാവശമായിരുന്നു. അതുകൊണ്ടാണ് അതെല്ലാം ചെയ്തത്,’ പൃഥ്വിരാജ് പറഞ്ഞു.
മണിരത്‌നം സെറ്റില്‍ എഡിറ്ററെ വെക്കാറില്ലെന്നും അതിനുള്ള കാരണം താന്‍ ചോദിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ‘പിന്നെ ആ സെറ്റില്‍ വെച്ച് ഞാന്‍ അദ്ദേഹത്തോട് മറ്റൊരു കാര്യം കൂടി ചോദിച്ചിരുന്നു. ഇത്രയും സന്നാഹങ്ങളുണ്ട് സെറ്റില്‍ ഒരു എഡിറ്റര്‍ മാത്രമില്ല, എന്റെ ലൊക്കേഷനിലും എഡിറ്റര്‍ ഉണ്ടാവാറുണ്ട്. ഞാനൊരിക്കലും മറക്കാത്ത ഉത്തരമാണ് അദ്ദേഹം നല്‍കിയത്.
എഡിറ്റര്‍ ഒരിക്കലും ഒരു ഷോട്ടിന് പിന്നിലുള്ള കഷ്ടപ്പാടുകള്‍ കാണരുത്, കട്ട് ചെയ്ത് കളയേണ്ട സീനാണെങ്കില്‍ ഈ സീനിന് പിന്നില്‍ ഇത്രയും അധ്വാനമുണ്ടല്ലോ എന്ന ചിന്തയാല്‍ അയാള്‍ സ്വീധീനിക്കപ്പെടരുത് എന്നാണ് മണി സാര്‍ പറഞ്ഞത്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj talks about ravanan movie and mani ratnam