മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനായ പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ സിനിമയാണ് ലൂസിഫര്‍. 2019 ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ അതുവരെയുള്ള ബോക്‌സ് ഓഫീസ് കണക്കുകളുടെ സര്‍വകാല റെക്കോര്‍ഡുകളും മറികടന്ന് ബമ്പര്‍ ഹിറ്റടിക്കുകയായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ഒരുക്കിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിലും മോഹന്‍ലാലാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രമായിരുന്നു മോഹന്‍ലാലിന്. ഡയറക്ട് ഒ.ടി.ടി റിലീസ് നടത്തിയ ചിത്രവും നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ചില സീനിലെല്ലാം മോഹന്‍ലാലിനെ കൊണ്ട് പതിനാറും പതിനേഴും ടേക്ക് വരെ ചെയ്യിപ്പിക്കുമെന്ന് പൃഥ്വിരാജ് പറയുന്നു. കൂടെയുള്ളവരും അസിസ്റ്റന്റ് ഡയറക്ടേര്‍സും എല്ലാം വന്ന് മോഹന്‍ലാല്‍ മടുത്തിട്ടുണ്ടാകും നിര്‍ത്താം എന്നെല്ലാം പറയുമെന്നും എന്നാല്‍ അപ്പോഴെല്ലാം ഏറ്റവും കൂടുതല്‍ സപ്പോര്‍ട് മോഹന്‍ലാലാണ് തന്നതെന്ന് പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇടക്ക് ഇടപെടുമ്പോള്‍ അയാള്‍ മനസ്സില്‍ കണ്ടപോലെ ചെയ്യട്ടെയെന്ന് മോഹന്‍ലാല്‍ പറയാറുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ചില സമയത്തെല്ലാം ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുവരെ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊരിക്കലും ലാലേട്ടന്റെ കുഴപ്പം കൊണ്ടല്ല. അപ്പോള്‍ എന്റെ അസ്സിസ്റ്റന്‍സും കൂടെ ഉള്ളവരുമൊക്കെ വന്ന് പറയും, ചേട്ടാ ഇത് പതിനേഴാമത്തെ ടേക്കാണ്. അദ്ദേഹം മടുത്തിട്ടുണ്ടാകും എന്നൊക്കെ. അപ്പോഴൊക്കെ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ലാലേട്ടന്‍ തന്നെയാണ്.
പലപ്പോഴും എന്റെ നിര്‍മാതാവിനോടുപോലും ‘ആന്റണി അയാള്‍ അത് മനസ്സില്‍ കണ്ടപോലെ ചെയ്യട്ടെ’ എന്ന് ലാലേട്ടന്‍ പറയും. അങ്ങനെ എന്നെ സിനിമ ലൊക്കേഷനില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട് ചെയ്തത് വരെ ലാലേട്ടനാണ്,’ പൃഥ്വിരാജ് പറയുന്നു.
അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇന്ത്യക്കകത്തും പുറത്തുമായി നടന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിനെക്കാളും വലിയ സ്‌കെയിലിലാണ് പൃഥ്വിരാജ് എമ്പുരാനെ ഒരുക്കുന്നത്.
Content Highlight: Prithviraj Talks About Mohanlal