മലയാള സിനിമയുടെ അഭിമാനമാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ മലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മലയാള സിനിമയിലെ മികച്ച നായികമാരില്‍ ഒരാളും, എമ്പുരാനിലെ നായികയുമായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
മഞ്ജു വാര്യര്‍ ഒരു ലെജന്‍ഡ് ആണെന്നും എപ്പോഴെങ്കിലും ഒരു സിനിമ താന്‍ സംവിധാനം ചെയ്താല്‍ അതൊരു മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ സിനിമയായിരിക്കുമെന്ന് പണ്ട് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ഇപ്പോള്‍ തന്റെ സിനിമയില്‍ മഞ്ജുവാര്യരെ കാസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് ഒരു പ്രിവിലേജ് ആണെന്നും പൃഥ്വി എമ്പുരാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ പറഞ്ഞു.
‘മഞ്ജു ഒരു ലെജന്‍ഡാണ്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ ഒരു ചാനലുമായുള്ള അഭിമുഖത്തിനിടെ അവര്‍ എന്നോട് ചോദിച്ചിരുന്നു, നിങ്ങള്‍ എപ്പോഴെങ്കിലും ജീവിതത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ആരെയാണ് കാസ്റ്റ് ചെയ്യുക എന്ന്. ഞാന്‍ പറഞ്ഞു മോഹന്‍ലാല്‍ ആന്‍ഡ് മഞ്ജു വാര്യര്‍.
മഞ്ജു ഒരു ലെജന്‍ഡാണ്
അന്ന് എനിക്ക് സിനിമ സംവിധാനം ചെയ്യാനുള്ള ഒരു പ്ലാനും ഇല്ലായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞിരുന്നു അത് മോഹന്‍ലാലും മഞ്ജു വാര്യരും ആണെന്ന്. ആ ഇന്റര്‍വ്യൂ ഇപ്പോഴും ഓണ്‍ലൈനില്‍ കിട്ടുമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ എന്റെ സിനിമയില്‍ ഞാന്‍ മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കാസ്റ്റ് ചെയ്തിരിക്കുന്നു. അതൊരു പ്രിവിലേജ് ആണ്,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj talks about Manju Warrier