| Thursday, 22nd December 2022, 6:42 pm

റിലീസിന് തലേന്ന് കെ.ജി.എഫ് കണ്ടവര്‍ ഇത് വര്‍ക്കാവുമോയെന്ന് സംശയിച്ചു; പ്രശാന്ത് നീലിനും ടെന്‍ഷനായി: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിന് ശേഷം തുറന്ന തിയേറ്ററുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമായി മാറിയ സിനിമയായിരുന്നു യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 2. കെ.ജി.എഫിന്റെ രണ്ടാം ഭാഗമായി വന്ന ചിത്രം റെക്കോഡ് കളക്ഷനാണ് ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത്.

എന്നാല്‍ കെ.ജി.എഫ് 2 ഒരു വിജയമാകുമോ എന്ന കാര്യത്തില്‍ ചിത്രം റിലീസിന് മുമ്പേ കണ്ട സംവിധായകന്‍ പ്രശാന്ത് നീലിന്റെ സുഹൃത്തുക്കളടക്കമുള്ളവര്‍ക്ക് തലേ ദിവസം വരെ സംശയമുണ്ടായിരുന്നെന്നും പ്രശാന്ത് നീലിനും ഇക്കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നെന്നും പറയുകയാണ് പൃഥ്വിരാജ്.

തന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ റിലീസിന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അടുത്ത തലമുറയുടെ മാസ് സിനിമ കണ്‍സപ്റ്റ് എന്തായിരിക്കും എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് കെ.ജി.എഫിന്റെ കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന സംശയത്തെ കുറിച്ച് പൃഥ്വി സംസാരിച്ചത്.

”ഇതാണ്, മാസ് സിനിമ കണ്‍സപ്റ്റ് എന്ന് കൃത്യമായി നമുക്ക് സ്‌പോട്ട് ചെയ്യാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ അതിന് കൃത്യമൊരു ഉത്തരമുണ്ടെങ്കില്‍ എല്ലാവര്‍ക്കും അങ്ങനെയുള്ള സൂപ്പര്‍ഹിറ്റ് മാസ് സിനിമകള്‍ ചെയ്യാമല്ലോ.

കെ.ജി.എഫുമായി ബന്ധപ്പെട്ട് പ്രശാന്ത് നീല്‍ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ടായിരുന്നു. കെ.ജി.എഫ് 2 റിലീസിന്റെ തലേ ദിവസം രാത്രി ഒരു തിയേറ്ററില്‍ അതിന്റെ ഫൈനല്‍ വേര്‍ഷന്‍ ഫ്രണ്ട്‌സൊക്കെ കണ്ടിട്ട് അവരെല്ലാം ടെന്‍ഷനിലായിരുന്നു എന്ന്. ഇത് വര്‍ക്കാവുമോ എന്ന് അവര്‍ക്കെല്ലാം സംശയമായിരുന്നു.

അത് കേട്ട് പ്രശാന്തിനും ഭയങ്കര ടെന്‍ഷനായി, എന്ന് പ്രശാന്ത് തന്നെ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പക്ഷെ അടുത്ത ദിവസം കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. അതായത് തലേദിവസം ടെന്‍ഷനടിച്ചവരുടെ ജഡ്ജ്‌മെന്റ് തെറ്റായിരുന്നു. അതായിരുന്നില്ല പബ്ലിക്കിന്റെ അഭിപ്രായം. ജനങ്ങള്‍ ആ സിനിമയെ അത്രത്തോളം ഏറ്റെടുക്കുകയും സ്‌നേഹിക്കുകയും ചെയ്തു.

കാന്താര എന്ന സിനിമ റിലീസിന് മുമ്പ് ഞാന്‍ കണ്ടിരുന്നു. അത് കണ്ടപ്പോള്‍ വളരെ നല്ലൊരു സിനിമയായി എനിക്ക് തോന്നി. പക്ഷെ ഇത്ര വലിയ ഒരു കൊമേഴ്‌സ്യല്‍ സക്‌സസ് ആകും എന്ന് ഞാന്‍ വിചാരിച്ചില്ല. 400 കോടി കളക്ട് ചെയ്യും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. പക്ഷെ അത് സംഭവിച്ചു, ” പൃഥ്വിരാജ് പറഞ്ഞു.

അതേസമയം ഡിസംബര്‍ 22നാണ് കാപ്പ തിയേറ്ററുകളിലെത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Prithviraj talks about KGF 2 movie and Prashanth Neel

We use cookies to give you the best possible experience. Learn more