കടുവ ഇപ്പോള്‍ റിലീസാകേണ്ട സിനിമയല്ല, ആ കാരണങ്ങള്‍ കൊണ്ടാണ് റിലീസ് ചെയ്തത്: പൃഥ്വിരാജ്
Entertainment news
കടുവ ഇപ്പോള്‍ റിലീസാകേണ്ട സിനിമയല്ല, ആ കാരണങ്ങള്‍ കൊണ്ടാണ് റിലീസ് ചെയ്തത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd December 2022, 12:09 pm

ചെറിയ ഇടവേളയില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ്-ഷാജി കൈലാസ് സിനിമകളാണ് കടുവയും കാപ്പയും. എന്തുകൊണ്ടാണ് സിനിമകള്‍ ഇത്തരത്തില്‍ അടുപ്പിച്ച്പുറത്തിറങ്ങിയതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കടുവ ഇപ്പോഴൊന്നും ഇറങ്ങേണ്ട സിനിമയല്ലായിരുന്നു എന്നും, കൊവിഡ് കാരണമാണ് സിനിമ ഇത്രയും വൈകിയതെന്നും പൃഥ്വിരാജ് പറഞ്ഞു. അതുപോലെ താന്‍ കാപ്പ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ ഷാജി കൈലാസ് ആയിരുന്നില്ല സംവിധായകനെന്നും പൃഥ്വിരാജ് പറഞ്ഞു.

 

‘സത്യത്തില്‍ കടുവ ഇപ്പോള്‍ റിലീസാകേണ്ട സിനിമയായിരുന്നില്ല, മറിച്ച്‌ മുമ്പ് എപ്പോഴോ റിലീസാകേണ്ടിയിരുന്ന സിനിമയാണ്. കൊവിഡ് കാരണം സിനിമയുടെ ഷൂട്ട് ഒരുപാട് നീണ്ടുപോയിരുന്നു. പിന്നെ തിയേറ്ററില്‍ തന്നെ സിനിമ റിലീസ് ചെയ്യും എന്ന വാശിയുടെ പുറത്ത് പിടിച്ച് വെക്കുകയും ചെയ്തിരുന്നു. ഒടുവില്‍ റിലീസായത് ഈ വര്‍ഷമാണെന്ന് മാത്രം.

എന്നാല്‍ കാപ്പയുടെ കാര്യത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. ഞാന്‍ ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ സിനിമയുടെ സംവിധായകന്‍ ഷാജിയേട്ടന്‍ ആയിരുന്നില്ല. പിന്നീടാണ് ഷാജിയേട്ടന്‍ കാപ്പയുടെ സംവിധാന ചുമതല ഏറ്റെടുക്കുന്നത്. അതും ഇത്തരത്തില്‍ യാദൃശ്ചികമായി സംഭവിച്ച കാര്യമാണ്. അങ്ങനെ പ്ലാന്‍ ചെയ്യാതെയാണ് ഒരേ സമയം ആ സിനിമകള്‍ സംഭവിച്ചതും തിയേറ്ററില്‍ ചെറിയ ഇടവേളകളില്‍ ഇറങ്ങിയതും.

അതൊക്കെ ഒരു നിമിത്തമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്തായാലും എനിക്ക് സന്തോഷം മാത്രമേയുള്ളു. ഞാന്‍ ഷാജിയേട്ടന്റെ വലിയ ഫാനാണ്. അദ്ദേഹം കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമ ചെയ്തത് എന്റെ നിര്‍മാണത്തില്‍ ഞാന്‍ തന്നെ അഭിനയിച്ച സിനിമയാണെന്നത് വലിയ ഭാഗ്യമാണ്. ആ സിനിമ വലിയ വിജയമാവുകയും ഷാജിയേട്ടന്റെ തിരിച്ചുവരവായി പ്രേക്ഷകര്‍ അതിനെ കാണുകയും ചെയ്തു.

പിന്നെ എനിക്ക് തോന്നുന്നു ഷാജിയേട്ടനും ഞാനും തമ്മില്‍ ഇപ്പോഴൊരു അണ്ടര്‍ സ്റ്റാന്റിങ് ഉണ്ടെന്ന്‌. ഞാന്‍ എപ്പോഴും പറയാറുണ്ട്, ഷാജിയേട്ടന്‍ ഷോട്ട് പറയുമ്പോള്‍ ക്യാമറാമാന് പോലും ചിലപ്പോള്‍ മനസിലാകില്ല. പക്ഷെ അതെനിക്ക് മനസിലാകും,’ പൃഥ്വിരാജ് പറഞ്ഞു.

അതേസമയം ഡിസംബര്‍ 22നാണ് കാപ്പ തിയേറ്ററിലെത്തിയത്. പൃഥ്വിരാജിന് പുറമേ ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്‌ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ ഇവതരിപ്പിച്ചത്. തിയേറ്ററില്‍ സിനിമക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്.

conteny highlight: prithviraj talks about kaduva movie and kappa movie