| Monday, 19th February 2024, 10:35 am

'ഒരുപക്ഷേ ലോകത്ത് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ച മകന്‍ ഞാന്‍ മാത്രമാകും': പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് പൃഥ്വിരാജ്. മികച്ച അഭിനയത്തിലൂടെ മലയാളത്തില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച പൃഥ്വി രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച വില്ലനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും നേടിയിട്ടുണ്ട്.

താരത്തിന്റെ അമ്മയും അറിയപ്പെടുന്ന നടിയുമായ മല്ലികാ സുകുമാരന്റെ സിനിമാജീവിതത്തിന്റെ 50ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പൃഥ്വി, തന്റെ അമ്മയെക്കുറിച്ച് സംസാരിച്ചു. എമ്പുരാന്റെ അടുത്ത ഷെഡ്യൂളിനായി അമേരിക്കയിലേക്ക് പോകേണ്ടതായിരുന്നെന്നും, വിസ ലഭിക്കാത്തതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതെന്നും പറഞ്ഞുകൊണ്ടാണ് താരം തന്റെ പ്രസംഗം ആരംഭിച്ചത്.

‘ഏതൊരു കര്‍മമേഖലയിലായാലും അതില്‍ 50വര്‍ഷം പൂര്‍ത്തിയാക്കുക എന്ന് പറഞ്ഞാല്‍ അത് നിസാരകാര്യമല്ല. പ്രത്യേകിച്ച് സിനിമയില്‍ അത് വളരെ പ്രയാസമാണ്. 20 വര്‍ഷത്തിനടുത്തായി ഈ ഫീല്‍ഡില്‍ നിന്നപ്പോഴാണ് എനിക്കും ചേട്ടനും അത് മനസിലായത്. ഇതിനിടയില്‍ കാല്‍ നൂറ്റാണ്ടോളം സിനിമയില്‍ നിന്ന് വിട്ടുനിന്ന് വീട്ടമ്മ മാത്രമായി നിന്നിരുന്നു. എന്നിട്ടും തിരിച്ചുവന്ന് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ അമ്മക്ക് സാധിച്ചു.

എനിക്ക് തോന്നുന്നു, ലോകത്തില്‍ എത്ര മക്കള്‍ക്ക് ഈ ഭാഗ്യം കിട്ടിക്കാണുമെന്ന്. ഒരു പക്ഷേ ഞാന്‍ മാത്രമായിരിക്കും ഇങ്ങനെയൊരു ഭാഗ്യം ലഭിച്ച മകന്‍. അമ്മയുടെ കൂടെ അഭിനയിക്കാനും, അമ്മ അഭിനയിച്ച സിനിമ നിര്‍മിക്കാനും, അമ്മയെ സംവിധാനം ചെയ്യാനും എനിക്ക് സാധിച്ചു. ഇത് മൂന്നും ചെയ്യാന്‍ പറ്റിയ എത്ര മക്കളുണ്ടെന്ന് എനിക്കറിയില്ല. അതില്‍ ഞാന്‍ വളരെ പ്രൗഡാണ്. കൂടെ അഭിനയിക്കുമ്പോഴും, ഡയറക്ട് ചെയ്ത സീന്‍ എഡിറ്റിങ് ടേബിളില്‍ വെച്ച് കാണുമ്പോഴും, ഫാമിലിയിലെ ഏറ്റവും ടാലന്റഡ് ആര്‍ട്ടിസ്റ്റ് അമ്മയാണെന്ന് തോന്നാറുണ്ട്,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj talks about his mother Mallika Sukumaran

Latest Stories

We use cookies to give you the best possible experience. Learn more