| Monday, 1st January 2024, 1:17 pm

ബിഗ് ബി ഇഷ്ടമാണ്, പക്ഷേ മമ്മൂക്കയുടെ പെര്‍ഫോമന്‍സും കഥാപാത്രവും നോക്കിയാല്‍ ആ ചിത്രമാണ് ഇഷ്ടം, അത് അദ്ദേഹത്തിന് മാത്രമേ ചെയ്യാനാവൂ: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇഷ്ടപ്പെട്ട സിനിമകളെ പറ്റിയും പ്രചോദിപ്പിച്ച സംവിധായകരെ പറ്റിയും സംസാരിക്കുകയാണ് പൃഥ്വിരാജ്. ദേവാസുരവും ന്യൂഡല്‍ഹിയും തന്നെ പ്രചോദിപ്പിച്ച സിനിമകളാണെന്ന് പൃഥ്വിരാജ് പറഞ്ഞു. മമ്മൂട്ടിയുടെ ബിഗ് ബി ഇഷ്ടമാണെങ്കിലും ഫിലിം മേക്കിങ്ങിന്റെ കാര്യത്തില്‍ തനിക്കിഷ്ടം ന്യൂഡല്‍ഹിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. സംവിധായകനെന്ന നിലയില്‍ പ്രചോദനമായത് ഐ.വി. ശശിയും ജോഷിയും ഷാജി കൈലാസുമാണെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘വളരെയധികം പ്രചോദിപ്പിക്കുന്ന സിനിമകളാണ് ദേവാസുരവും ന്യൂഡല്‍ഹിയും. ഫിലിം മേക്കിങ്ങിലേക്ക് വന്നാല്‍ ബിഗ് ബി ഇഷ്ടമാണ്. എന്നാല്‍ പ്രകടനവും കഥാപാത്രവും നോക്കിയാല്‍ ന്യൂഡല്‍ഹിയാണ് എനിക്ക് ഇഷ്ടം. ശരിക്ക് നടക്കാന്‍ പോലും പറ്റാത്ത ഒരു ഹീറോയെ വെച്ചാണ് ന്യൂഡല്‍ഹിയിലെ മാസ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അത് ചെയ്‌തെടുക്കാന്‍ മമ്മൂക്കയെ പോലെ ഒരു നടനെക്കൊണ്ടേ സാധിക്കൂ.

മലയാളം സിനിമയില്‍ വളര്‍ന്നതുകൊണ്ടാണ് മലയാളം സിനിമകള്‍ പറയുന്നത്. അതിനാല്‍ സംവിധായകനെന്ന നിലയിലുള്ള പ്രചോദനം ആരാണെന്ന് ചോദിച്ചാല്‍ ഐ.വി. ശശി സാറിന്റെയും ഷാജിയേട്ടന്റെയും ജോഷി സാറിന്റെയുമൊക്കെ പേര് പറയും. അവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്,’

ഇഷ്ടപ്പെട്ട മാസ് മൊമെന്റ് ചോദിച്ചാല്‍ ഏത് തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് സ്ഫടികത്തിന്റെ പേരാണ് പൃഥ്വിരാജ് പറഞ്ഞത്. മോഹന്‍ലാലിന്റെ സ്ഫടികമല്ലാതെ ഇന്ത്യയില്‍ നിന്നും മറ്റൊരു മാസ് ചിത്രം തെരഞ്ഞെടുക്കാവില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.

‘ഇഷ്ടപ്പെട്ട മാസ് മൊമെന്റ് സ്ഫടികത്തിലേതാണ്. ഇന്ത്യയില്‍ ഏത് ഭാഷ എടുത്താലും അതിലും മികച്ച ഒരു മാസ് സിനിമ എനിക്ക് തെരഞ്ഞെടുക്കാനാവില്ല. ‘ഇതെന്റെ പുതിയ റെയ്ബാന്‍ ഗ്ലാസ്. ഇത് ചവിട്ടിപ്പൊട്ടിച്ചാല്‍ നിന്റെ കാല് ഞാന്‍ വെട്ടും’ എന്ന ഡയലോഗാണ് എനിക്ക് ഏറ്റവുമിഷ്ടം,’ പൃഥ്വിരാജ് പറഞ്ഞു.

മലയാളം ഇന്‍ഡസ്ട്രിക്ക് പാന്‍ ഇന്ത്യന്‍ സിനിമകള്‍ നിര്‍മിക്കാനുള്ള പരിമിതിയെ പറ്റിയും പൃഥ്വിരാജ് സംസാരിച്ചു. ‘എങ്ങനെയാണെങ്കിലും ഡൊമെസ്റ്റിക് മാര്‍ക്കറ്റ് തിരികെ നല്‍കുന്ന മിനിമം മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ വരുന്ന പാന്‍ ഇന്ത്യന്‍ സിനിമകള്‍ പുറത്ത് വരുന്നത്. കാന്താരയുടെ കാര്യത്തില്‍ മാത്രമാണ് അതില്‍ മാറ്റമുണ്ടായത്. അതൊരു സ്പെഷ്യല്‍ കേസാണ്.

ഇപ്പോള്‍ സലാറിന്റെ കാര്യമെടുക്കൂ. തെലുങ്ക് ഇന്‍ഡസ്ട്രി ആ സിനിമക്ക് ഒരു മിനിമം മാര്‍ക്കറ്റ് തരുമെന്ന് നമുക്ക് അറിയാം. ഇങ്ങനെയുള്ള വലിയ സിനിമകള്‍ നിര്‍മിക്കുമ്പോഴുള്ള അടിസ്ഥാനപരമായ കണക്കുകൂട്ടല്‍ അതാണ്. ആ കേസില്‍ മലയാളത്തിന് പരിമിതികളുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj talks about his favorite films and the directors who inspired him

Latest Stories

We use cookies to give you the best possible experience. Learn more