സംവിധായകന്‍ ഷാജി കൈലാസും താനും തമ്മില്‍ ഒരു അണ്ടര്‍സ്റ്റാന്‍ഡിങ് ഉണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്. സെറ്റില്‍ ഷാജി കൈലാസ് ടേക്ക് വിളിച്ചാല്‍ ക്യാമറാമാന് പോലും മനസിലാവില്ലെന്നും പക്ഷേ തനിക്ക് പെട്ടെന്ന് മനസിലാവുമെന്നും പൃഥ്വിരാജ് പറഞ്ഞു. ക്ലബ് എഫ്.എം യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസിനോടുള്ള അടുപ്പത്തെ പറ്റി പൃഥ്വിരാജ് പറഞ്ഞത്.
‘ഷാജിയേട്ടനും ഞാനും തമ്മില്‍ ഇപ്പോഴൊരു അണ്ടര്‍സ്റ്റാന്റിങ് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ എപ്പോഴും പറയാറുണ്ട്, ഷാജിയേട്ടന്‍ ഷോട്ട് പറയുമ്പോള്‍ ക്യാമറാമാന് പോലും ചിലപ്പോള്‍ മനസിലാകില്ല. പക്ഷെ അതെനിക്ക് മനസിലാകും. ആ മോനേ ആ ട്രാക്ക് ഇങ്ങനെ വന്നിട്ട്.. ഓക്കെ ടേക്ക് എന്ന് ഷാജിയേട്ടന്‍ വിളിക്കുമ്പോള്‍ പെട്ടെന്ന് എല്ലാവരും ഒന്ന് അമ്പരക്കും, എന്താണ് സംഭവിച്ചതെന്ന് എന്നോടാണ് ചോദിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.
ഷാജി കൈലാസിനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ അടുപ്പിച്ച് റിലീസ് ചെയ്തതിനെ പറ്റിയും പൃഥ്വിരാജ് സംസാരിച്ചു. ‘സത്യത്തില്‍ കടുവ ഇപ്പോള്‍ റിലീസാകേണ്ട സിനിമയായിരുന്നില്ല, മറിച്ച് മുമ്പ് എപ്പോഴോ റിലീസാകേണ്ടിയിരുന്ന സിനിമയാണ്. കൊവിഡ് കാരണം സിനിമയുടെ ഷൂട്ട് ഒരുപാട് നീണ്ടുപോയിരുന്നു. പിന്നെ തിയേറ്ററില്‍ തന്നെ സിനിമ റിലീസ് ചെയ്യും എന്ന വാശിയുടെ പുറത്ത് പിടിച്ച് വെക്കുകയും ചെയ്തിരുന്നു. ഒടുവില്‍ റിലീസായത് ഈ വര്‍ഷമാണെന്ന് മാത്രം.
എന്നാല്‍ കാപ്പയുടെ കാര്യത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. ഞാന്‍ ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ സിനിമയുടെ സംവിധായകന്‍ ഷാജിയേട്ടന്‍ ആയിരുന്നില്ല. പിന്നീടാണ് ഷാജിയേട്ടന്‍ കാപ്പയുടെ സംവിധാന ചുമതല ഏറ്റെടുക്കുന്നത്. അതും ഇത്തരത്തില്‍ യാദൃശ്ചികമായി സംഭവിച്ച കാര്യമാണ്. അങ്ങനെ പ്ലാന്‍ ചെയ്യാതെയാണ് ഒരേ സമയം ആ സിനിമകള്‍ സംഭവിച്ചതും തിയേറ്ററില്‍ ചെറിയ ഇടവേളകളില്‍ ഇറങ്ങിയതും.
അതൊക്കെ ഒരു നിമിത്തമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്തായാലും എനിക്ക് സന്തോഷം മാത്രമേയുള്ളു. ഞാന്‍ ഷാജിയേട്ടന്റെ വലിയ ഫാനാണ്. അദ്ദേഹം കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമ ചെയ്തത് എന്റെ നിര്‍മാണത്തില്‍ ഞാന്‍ തന്നെ അഭിനയിച്ച സിനിമയാണെന്നത് വലിയ ഭാഗ്യമാണ്. ആ സിനിമ വലിയ വിജയമാവുകയും ഷാജിയേട്ടന്റെ തിരിച്ചുവരവായി പ്രേക്ഷകര്‍ അതിനെ കാണുകയും ചെയ്തു,’ പൃഥ്വിരാജ് പറഞ്ഞു.
ഡിസംബര്‍ 22നാണ് കാപ്പ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം ഷാജി കൈലാസിനൊപ്പം പൃഥ്വിരാജ് ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് കാപ്പ. 2012ല്‍ റിലീസ് ചെയ്ത സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.
Content Highlight: prithviraj talks about his close relation with shaji kailas