| Wednesday, 26th March 2025, 4:38 pm

ഒരു ഹിന്ദി സിനിമാ പ്രേമിയാണെങ്കില്‍ നിങ്ങള്‍ സിനിമ ഹിന്ദിയില്‍ കാണാന്‍ ശ്രമിക്കണം: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന എമ്പുരാനിലേക്കാണ് ഇപ്പോള്‍ പ്രേക്ഷകര്‍ എല്ലാം ഉറ്റു നോക്കുന്നത്. ചിത്രം 27 ന് തീയേറ്ററുകളില്‍ എത്തും. റെക്കോഡ് ബുക്കിങ് സ്വന്തമാക്കിയ ചിത്രത്തിനെ കുറിച്ച് വമ്പന്‍ പ്രതീക്ഷകളാണ് സിനിമ ലോകത്തിന്.

2019 ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഇപ്പോള്‍ സിനിമയുടെ ഹിന്ദി വേര്‍ഷനെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

എമ്പുരാന്റെ ഹിന്ദി വേര്‍ഷന്റെ പ്രതികരണം കേള്‍ക്കാന്‍ താന്‍ വെയിറ്റിങ്ങാണെന്നും സിനിമയുടെ 35 ശതമാനത്തോളം ഭാഗം ഹിന്ദിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഒരു ഹിന്ദി സിനിമ പ്രേമിയാണെങ്കില്‍ സിനിമ ഹിന്ദിയില്‍ തന്നെ കാണാന്‍ ശ്രമിക്കണമെന്നും പൃഥ്വിരാജ് പറയുന്നു. എമ്പുരാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ ഈ സിനിമ രാജ്യത്തുടനീളം അഞ്ച് ഭാഷകളിലും അതുപോലെ ലോകമെമ്പാടും തീയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ചിലകാരണങ്ങള്‍ കൊണ്ട് ഈ സിനിമയുടെ ഹിന്ദി വേര്‍ഷന്റെ പ്രതികരണങ്ങള്‍ കേള്‍ക്കാനായിട്ട് ഞാന്‍ വെയിറ്റിങ് ആണ്. ഒന്നാമതായി, ഞങ്ങള്‍ വളരെയധികം എഫേര്‍ട്ടും പൈസയും സമയവുമൊക്കെ ചിലവഴിച്ച് ഇതിന്റെ ഹിന്ദി വേര്‍ഷന്‍ കഴിയുന്നത്ര ആധികാരികമായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടാമതായി ഞാന്‍ പലതവണ മെന്‍ഷന്‍ ചെയ്തതുപോലെ തന്നെ സിനിമയുടെ 35 ശതമാനത്തോളം ഭാഗം ഹിന്ദിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

കാരണം ഇതിന്റെ സ്‌റ്റോറി, ക്യാരക്ടേര്‍സ് അങ്ങനെ വലിയൊരു ശതമാനത്തോളം സിനിമയില്‍ ഹിന്ദി സ്പീക്കിങ് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്റെ പ്രതികരണങ്ങള്‍ അറിയാന്‍ ഞാന്‍ വളരെ എക്‌സൈറ്റഡാണ്. നിങ്ങള്‍ ഒരു ഹിന്ദി സിനിമ പ്രേമിയാണെങ്കില്‍ എന്തായാലും സിനിമയുടെ ഹിന്ദി വേര്‍ഷന്‍ കാണാന്‍ ശ്രമിക്കുക,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വി-മുരളിഗോപി കൂട്ടുക്കെട്ടിലെ മറ്റൊരു മികച്ച ചിത്രമാകും എമ്പുരാന്‍ എന്നാണ് സിനിമലോകം പ്രതീക്ഷിക്കുന്നത്. ആദ്യ ഷോ ആറുമണിക്ക് തന്നെ തുടങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയില്‍ ആദ്യ ദിവസത്തില്‍ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രമാണ് എമ്പുരാന്‍.

Content Highlight: Prithviraj talks about hindi version of empuran

We use cookies to give you the best possible experience. Learn more