|

രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് നമ്മള്‍ വിചാരിച്ച പരിപാടിയല്ലെന്ന് മനസിലാവുന്നത്, പിന്നെ ഫ്രസ്‌ട്രേഷന്‍ കടിച്ചമര്‍ത്തി ഷൂട്ട് തീര്‍ക്കേണ്ടി വന്നിട്ടുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുറത്ത് നിന്നും കാണുന്ന ഗ്ലാമറസ് വശമല്ലാതെ മറ്റ് ചിലത് കൂടി സിനിമാ മേഖലയില്‍ ഉണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്. അഭിനയിക്കണമെന്ന് ആഗ്രമില്ലാതിരുന്ന വ്യക്തിയായിരുന്നു താനെന്നും മൂന്നാല് സിനിമകള്‍ കഴിഞ്ഞാണ് പ്രൊഫഷനോട് താല്‍പര്യം തോന്നിയതെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘അഭിനയിക്കണമെന്ന ആഗ്രഹത്തില്‍ വളര്‍ന്ന കുട്ടിയല്ല ഞാന്‍. ആര്‍ട്ടിനോട് കുറച്ചുകൂടെ താല്‍പര്യമുള്ളത് ഇന്ദ്രജിത്തിനാണ്. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് രഞ്ജിത്തേട്ടന്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുകയായിരുന്നു. ഞാന്‍ ഈ പ്രൊഫഷന്‍ എന്‍ജോയ് ചെയ്തുതുടങ്ങുന്നത് തന്നെ മൂന്നാല് സിനിമകള്‍ കഴിഞ്ഞാണ്.

സിനിമ എന്ന് പറയുന്നത് അത്ര എളുപ്പമല്ല. രാവിലെ അഞ്ചരക്ക് എഴുന്നേല്‍ക്കണം, പോണം, വെളിയില്‍ നിന്നും കാണുന്ന ഗ്ലാമറസ് വശം മാത്രമല്ല ഉള്ളത്. ഷൂട്ട് ചെയ്യുന്ന സിനിമ ചിലപ്പോള്‍ ഫിസിക്കലി ഡിമാന്‍ഡിങ്ങായിരിക്കാം.

ചില സമയത്ത് ഒരു സിനിമ തുടങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമായിരിക്കും ഇത് നമ്മള്‍ വിചാരിച്ചതുപോലെയുള്ള പരിപാടിയല്ല എന്ന് മനസിലായത്. പൂര്‍ണമായും നമ്മുടെ ഇമാജിനേഷന് വിപരീതമാണെന്ന് തോന്നുകയും പിന്നെ ഒരു അമ്പതോ നൂറോ ദിവസം ആ ഫ്രസ്‌ട്രേഷന്‍ കടിച്ചമര്‍ത്തി ആ സിനിമ തീര്‍ക്കുകയും ചെയ്യേണ്ട അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അതെല്ലാം സിനിമയുടെ ഭാഗമാണ്. അതില്‍ നിന്നൊക്കെ പഠിക്കാന്‍ പാഠങ്ങളുണ്ടാവും,’ പൃഥ്വിരാജ് പറഞ്ഞു.

കാപ്പയാണ് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ കഥയാണ് പറയുന്നത്. രണ്ട് ഗെറ്റപ്പിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ട മധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.

കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വയലന്‍സ് നിറച്ച് അടുത്തിടെ വന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22നാണ് സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ഈ ചിത്രം എത്തിക്കുന്നത്. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: prithviraj talks about film field