| Thursday, 9th February 2023, 8:30 pm

എത്ര വലിയ സംവിധായകനാണെങ്കിലും തിരക്കഥ മോശമാണെങ്കില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് ഇന്നുള്ളവര്‍ പറയും; മുന്‍പ് അതല്ല സ്ഥിതി: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരക്കഥ മോശമാണെങ്കില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഇന്നുള്ളതുപോലെ പണ്ടുണ്ടായിരുന്നില്ലെന്നും, കഥയേക്കാളുപരി സംവിധായകന്റെയും, നിര്‍മാതാവിന്റെയും പേരിലാണ് അക്കാലത്ത് സിനിമ വിപണനം ചെയ്തിരുന്നതെന്നും പറഞ്ഞിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍.

എഡിറ്റോറിയല്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സിനിമാ മേഖലയിലെ മാറി വരുന്ന സാഹചര്യങ്ങളെക്കുറിച്ച് നടന്‍ തന്റെ വീക്ഷണം പങ്കുവെച്ചത്.

”സിനിമ വ്യവസായം മാറിത്തുടങ്ങിയ ഘട്ടത്തില്‍ സിനിമയില്‍ തുടക്കം കുറിച്ച നടനാണ് ഞാന്‍. അന്ന് ഒരു ഷോട്ട് എടുത്ത് കഴിഞ്ഞ് ഡയറക്ടര്‍ ഓക്കെ പറഞ്ഞാല്‍ ആ ഷോട്ട് നമുക്ക് പിന്നീട് കാണാന്‍ കഴിയുന്നത് സിനിമയുടെ ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് ഡബ്ബിങ് സ്റ്റുഡിയോയില്‍ ആയിരിക്കും. ഇന്നത്തെ ആക്ടേഴ്‌സിനെപ്പോലെ ഷോട്ട് കണ്ട് ഒന്നു കൂടി ചെയ്യാമെന്ന് പറയാനുള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നില്ല.

ഞാന്‍ സിനിമയില്‍ വന്ന സമയത്ത് എന്നെപ്പോലെയുള്ള നടന്‍മാര്‍ക്ക് പുതിയ ഒരു സിനിമ ഞങ്ങളെ തേടി വരുമ്പോള്‍ കഥയോ തിരക്കഥയോ അല്ല ഫസ്റ്റ് പ്രയോറിറ്റി. ആരാണ് സംവിധായകന്‍, ആരാണ് നിര്‍മാതാവ് എന്നതിലാണ് കാര്യം. വലിയൊരു സംവിധായകന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെയും സിനിമയാണെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ തന്നെ ആ സിനിമ ചെയ്യാന്‍ നമ്മെ നിര്‍ബന്ധിക്കും.

കാരണം അവര്‍ നമ്മളെ വെച്ച് സിനിമ എടുക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്. ഇന്ന് അതല്ല അവസ്ഥ. എത്ര വലിയ സംവിധായകന്റെ സിനിമയായാലും തിരക്കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് ചെയ്യാന്‍ താല്പര്യം ഇല്ല എന്ന് ഒരു പുതുമുഖ നടന് പോലും തുറന്ന് പറയാന്‍ പറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്,” പൃഥ്വിരാജ് പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം, വിലായത്ത് ബുദ്ധ, എമ്പുരാന്‍, സലാര്‍ തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ ഇനി വരാനിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍.

Content Highlight: Prithviraj talks about changing trends in Malayalam film industry

We use cookies to give you the best possible experience. Learn more