| Sunday, 1st August 2021, 4:13 pm

ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍, പൊട്ടിച്ചിരിയോടെയാണ് അദ്ദേഹം കേട്ടത്; ബ്രോ ഡാഡിയെപ്പറ്റി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രം താന്‍ ഏറ്റെടുക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി പറയുകയാണ് പൃഥ്വിരാജ്. കേരളകൗമുദിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ചെയ്യാനിരിക്കുമ്പോഴാണ് ബ്രോ ഡാഡിയുടെ കഥ കേള്‍ക്കുന്നത്. ബ്രോ ഡാഡിയുടെ കഥ അതിന്റെ തിരക്കഥാകൃത്തുകള്‍ എന്നോട് പറയാന്‍ വരുമ്പോള്‍ അവര്‍ക്കൊരു നിര്‍മാതാവ് ഉണ്ടായിരുന്നില്ല.

എന്നെ അഭിനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വന്നത്. സ്‌ക്രിപ്റ്റ് കേട്ടുകഴിഞ്ഞപ്പോള്‍ ഇതെനിക്ക് വേണമെന്ന് പറഞ്ഞ് ഞാന്‍ വാങ്ങി. ലളിതവും സുന്ദരവുമായ ഒരു കൊച്ചു ചിത്രമെന്നതാണ് ഒരഭിനേതാവെന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചത്.

ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍, പൊട്ടിച്ചിരിയോടെയാണ് അദ്ദേഹം കേട്ടത്. ആ പൊട്ടിച്ചിരി പ്രേക്ഷകര്‍ക്കും ഉണ്ടാകും,’ പൃഥ്വിരാജ് പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മീന, കനിഹ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട് ആരാധകരോട് സംസാരിക്കവേയാണ് പൃഥ്വിരാജ് ബ്രോ ഡാഡി ഒരു ചെറിയ ചിത്രമാണെന്ന് സൂചിപ്പിച്ചത്. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് കോള്‍ഡ് കേസിന് ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Prithviraj Talks About BRO DADDY Film

We use cookies to give you the best possible experience. Learn more