പൃഥ്വിരാജിനെയും മമ്മൂട്ടിയെയും നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘അരിവാള്‍ ചുറ്റിക നക്ഷത്രം’. സിനിമയില്‍ മമ്മൂട്ടി നായകനും പൃഥ്വിരാജ് പ്രതിനായകനുമായിരുന്നു. ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് നടന്നിരുന്നെങ്കിലും കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷവും വന്നിട്ടില്ല.
‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. അങ്ങനെ ഒരു സിനിമ പ്ലാനില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇനി ആ ചിത്രം നടക്കാന്‍ സാധ്യതയില്ലെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിട്ടായിരുന്നു തന്റെ കഥാപാത്രമെന്നും തനിക്ക് വളരെ ഇന്‍ട്രെസ്റ്റിങ് ആയി തോന്നിയ കഥയായിരുന്നു ആ സിനിമയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേര് സൂചിപ്പിക്കുന്നതുപോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമല്ല സിനിമയുടേതെന്നും സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യയില്‍ കേരളത്തിലെ ഒരു മലയോരത്ത് നടക്കുന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കഥയായിരുന്നു അതെന്നും പൃഥ്വിരാജ് പറയുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ കഥാ പശ്ചാത്തലത്തില്‍ പല സിനിമകളും വന്നെന്നും അതിനാല്‍ ഇനി ആ ചിത്രം നടക്കാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമല്‍ നീരദും ഞാനും വീണ്ടും ഒന്നിക്കാനിരുന്ന ആ ചിത്രം ഇനി ഉണ്ടാകില്ല. ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന സിനിമ ഇനി നടക്കുമെന്ന് തോന്നുന്നില്ല. ആ സിനിമ എനിക്ക് ഭയങ്കര ഇന്‍ട്രെസ്റ്റിങ് ആയി തോന്നിയതായിരുന്നു. ആ കഥയുടെ പശ്ചാത്തലവും. മമ്മൂക്ക നായകനും ഞാന്‍ വില്ലനുമായിട്ടായിരുന്നു അമല്‍ ആ സിനിമ പ്ലാന്‍ ചെയ്തത്.
കമ്മ്യൂണിസ്റ്റ് പശ്ചാത്തലമല്ല ആ സിനിമയുടേത്. സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യയില്‍ ഇവിടെ ഒരു മലയോരത്ത് നടക്കുന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കഥയെല്ലാം ആയിരുന്നു അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റേത്. അതിന്റെ പശ്ചാത്തലവും കുറെ കുറെ ഭാഗങ്ങളുമെല്ലാം ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ വന്ന് കഴിഞ്ഞു. ഇനി ആ സിനിമ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല,’ പൃഥ്വിരാജ് പറയുന്നു.