കൊച്ചി: സിനിമാ കരിയറിലെ ഏറ്റവും വലിയ ഒരു പാഠം പഠിച്ചത് തെന്നിന്ത്യന്‍ നടന്‍ അജിത് കുമാറില്‍ നിന്നാണെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്.
2019ല്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു പൃഥ്വിരാജ് മനസ്സുതുറന്നത്.
‘പ്രൊഫഷണല്‍ ലൈഫിലെ ഏറ്റവും വലിയ പാഠം ഞാന്‍ പഠിച്ചത് അജിത് എന്ന സൂപ്പര്‍ സ്റ്റാറില്‍ നിന്നാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്റെ അടുത്ത സുഹൃത്തുക്കളാണ് സൂര്യയും ജ്യോതികയും. വിവാഹശേഷം രണ്ടാളും ഒരു പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
ആ വീടിന്റെ ഹൗസ് വാമിംഗിന് എന്നെയും വിളിച്ചു. കാര്‍ത്തി, മാധവന്‍, അജിത് തുടങ്ങി നിരവധി പേര്‍ ആ ചടങ്ങിനെത്തിയിരുന്നു. അന്നാണ് ഞാന്‍ അജിതുമായി ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചത്.
കിരീടം സിനിമയുടെ റീമേക്കില്‍ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അന്ന് രണ്ട് മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാന്‍ എനിക്ക് അവസരം കിട്ടി.
അദ്ദേഹത്തിനോട് സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. സിനിമാ കരിയറിലെ വിജയവും പരാജയവും ഒരിക്കലും ബാധിക്കാത്തയാളാണ് അജിത്.
സിനിമ വിജയിച്ചാല്‍ മതിമറന്ന് സന്തോഷിക്കുന്ന, പരാജയപ്പെട്ടാല്‍ വിഷമിക്കുന്ന ഒരാളല്ല അദ്ദേഹം എന്നെനിക്ക് തോന്നി. എന്റെ പ്രൊഫഷണല്‍ ലൈഫില്‍ ഇന്നും പിന്തുടരുന്ന കാര്യമാണത്.
വിജയിക്കുമ്പോള്‍ മതി മറക്കാനും പരാജയപ്പെടുമ്പോള്‍ സങ്കടത്തിലേക്ക് വീഴാനും പ്രേരിപ്പിക്കുന്ന ഒരു മേഖല കൂടിയാണ് സിനിമ. അതുകൊണ്ട് തന്നെ പരാജയത്തെയും വിജയത്തെയും മാറ്റിനിര്‍ത്തേണ്ടത് ഒരുപോലെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞത് അജിതില്‍ നിന്നാണ്,’ പൃഥ്വിരാജ് പറഞ്ഞു.