| Sunday, 26th June 2022, 4:09 pm

ജോസഫ് ചാണ്ടിയായി ബിജുചേട്ടനെ ആലോചിച്ചിരുന്നു, പിന്നെ വേണ്ടെന്നു വെച്ചു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇപ്പോൾ സജീവമായി നടക്കുന്നത്. ഈ ചിത്രത്തിൽ വിവേക് ഒബ്രോയ് ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. വിവേക് ഒബ്രോയ് കടുവയിലേക്കെത്തിയതിനെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് പൃഥ്വിരാജ്.

‘കടുവയിൽ വിവേക് ഒബ്രോയ് ജോസഫ് ചാണ്ടി എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ്‌ എത്തുന്നത്. സിനിമയിൽ ഒരുപാട് വിഷയങ്ങൾ പറയുന്നുണ്ടെങ്കിലും ആത്യന്തികമായി രണ്ടു വ്യക്തികൾ തമ്മിലുള്ള കിടമത്സരമാണ്. രണ്ടുകഥാപാത്രങ്ങളും പ്രാധാന്യമുള്ളതാണ്. കുറവാച്ചനെപ്പോലെ ജോസഫ് ചാണ്ടിയും കഥയിൽ കരുത്തോടെ നിൽക്കുന്നു. പോലീസ് ഓഫീസറായി തുടക്കത്തിൽ പലപേരുകളും മനസ്സിൽക്കണ്ടിരുന്നു. ബിജുച്ചേട്ടനെ (ബിജുമേനോൻ) ആലോചിച്ചപ്പോൾ അയ്യപ്പനും കോശിയും കഴിഞ്ഞ് പെട്ടെന്നുതന്നെ അത്തരമൊരു വേഷം വീണ്ടും വേണ്ട എന്ന അഭിപ്രായമുയർന്നു. പിന്നെ കൂടുതലായി ആലോചിക്കേണ്ടിവന്നില്ല. ടീമിലെല്ലാവരും ഒരുപോലെ മുന്നോട്ടുവെച്ച പേരാണ് വിവേകിന്റേത്. അദ്ദേഹത്തിന്റെ വരവ് കടുവയ്ക്ക് ഗുണം ചെയ്തിട്ടുണ്ട് എന്നാണ്‌ എന്റെ വിശ്വാസം,’ പൃഥ്വിരാജ് പറഞ്ഞു.

ഒരു നീണ്ട ഇടവേളക്കു ശേഷമാണ് ഷാജി കൈലാസ് സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവരൊന്നിച്ചഭിനയിച്ച അവസാന ചിത്രം ലൂസിഫർ ആയിരുന്നു. അതിലും നെഗറ്റീവ് റോളിൽ തന്നെയായിരുന്നു അദ്ദേഹമെത്തിയത്. ബോബി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Prithviraj talking about role of Vivek Oberoi in Kaduva movie

We use cookies to give you the best possible experience. Learn more