സത്യം പറഞ്ഞാ ഈ പാട്ട് അവന്‍ പാടിയതാണെന്ന് തോന്നിയില്ല, അത്രയ്ക്ക് നന്നായിരുന്നു: പൃഥ്വിരാജ്
Entertainment
സത്യം പറഞ്ഞാ ഈ പാട്ട് അവന്‍ പാടിയതാണെന്ന് തോന്നിയില്ല, അത്രയ്ക്ക് നന്നായിരുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st May 2024, 2:14 pm

ഒരു വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളും കോര്‍ത്തിണക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ ഒരു കോമഡി ഴോണറിലാണ് ഒരുക്കിയത്.

ചിത്രത്തില്‍ പൃഥ്വിരാജ്, ബേസില്‍ ജോസഫ് തുടങ്ങിയ മലയാളത്തിലെ വലിയൊരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഇതിനോടകം 50 കോടി കളക്ഷന്‍ പിന്നിട്ട് പ്രേക്ഷക ശ്രദ്ധ നേടി കുതിക്കുകയാണ് ചിത്രം.

ഇപ്പോള്‍ ക്ലബ് എഫ്.എമ്മുമായി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ അജു വര്‍ഗീസിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൃഥ്യിരാജ്. അജു വര്‍ഗീസ് ചിത്രത്തില്‍ പാടിയ ‘കൃഷ്ണ കൃഷ്ണ’ ഗാനത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് പറുപടി പറയുകയായിരുന്നു പൃഥ്വി.

‘സത്യം പറഞ്ഞാല്‍ ഈ പാട്ട് ആദ്യം കേട്ടപ്പോള്‍ അജു പാടിയതാണെന്ന് തോന്നിയില്ല. അത്രയ്ക്ക് നന്നായിരുന്നു…! വിപിന്‍ പറഞ്ഞപ്പോഴാണ് ഇത് അജുവിന്റെ വോയിസ് ആണെന്ന് പോലും ഞാന്‍ അറിയുന്നത്. അജു ഇതിനുമുമ്പ് പാടിയത് എനിക്ക് അറിയില്ലായിരുന്നു. നമ്മള്‍ പാട്ട് കേള്‍ക്കുമ്പോള്‍ അതിലെ വീഡിയോ സിനിമയില്‍ എങ്ങനെ ആയിരിക്കും എന്ന് ഇമേജിനേഷന്‍ ചെയ്യുന്നത് പോലെ അല്ല വീഡിയോയില്‍. വിപിന്‍ അത് ഇന്റലിജന്റായി എടുത്തിട്ടുണ്ട്. അതെല്ലാം വിപിന്റെ മിടുക്കാണ്,’ പൃഥ്വി പറഞ്ഞു.

അതേ സമയം ഈ വര്‍ഷം ഇറങ്ങിയ പൃഥ്വിയുടെ ആടുജീവിതത്തിന് ശേഷം ബോക്‌സ് ഓഫീസില്‍ വിജയകരമായി മുന്നേറുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജിന് പുറമെ ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍, ജഗതീഷ് എന്നീ മുന്‍ നിര താരങ്ങളും ചിത്രത്തില്‍ തകര്‍ത്ത് അഭിനയിക്കുന്നുണ്ട്.

 

Content Highlight: Prithviraj Talking About Aju Varghese