മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. നജീബെന്ന കഥാപാത്രത്തിനായി ബ്ലെസി തന്നെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
ചിത്രത്തിനായി തന്നെ സമീപിക്കുമ്പോൾ ബ്ലെസി മലയാളത്തിലെ ലീഡിങ് സംവിധായകനാണെന്നും അന്നത്തെ ഏതൊരു താരത്തിനും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുകയെന്നത് വലിയ ആഗ്രഹമാണെന്നും പൃഥ്വി പറയുന്നു. ആ സമയത്ത് മലയാളത്തിൽ ഏറ്റവും ശമ്പളം വാങ്ങിയിരുന്ന സംവിധായകനാണ് അദ്ദേഹമെന്നും പൃഥ്വി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘2009ൽ ആടുജീവിതം എന്ന സിനിമയുമായി ബ്ലെസി ചേട്ടൻ എന്നെ സമീപിക്കുമ്പോൾ അന്ന് തന്നെ ബ്ലെസി ചേട്ടൻ മലയാളത്തിലെ ലീഡിങ് സംവിധായകനാണ്. എന്റെ അറിവ് ശരിയാണെങ്കിൽ അന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയിരുന്ന സംവിധായകനാണ് അദ്ദേഹം.
എല്ലാ നടി നടന്മാരും ഒരു ബ്ലെസി പടത്തിൽ അഭിനയിച്ചാൽ കൊള്ളാമെന്ന് കരുതുന്ന സമയമാണത്. കാരണം അദ്ദേഹത്തിന്റെ സിനിമയിലെ അഭിനേതാക്കൾ ഗംഭീരമായിരിക്കും. കഥാപാത്രങ്ങൾ അങ്ങനെയായിരിക്കും. അങ്ങനെ എല്ലാവരും മോഹിച്ചിരുന്ന ഒരു സംവിധായകനാണ് ബ്ലെസി ചേട്ടൻ,’പൃഥ്വിരാജ് പറയുന്നു.
ബ്ലെസി തന്റെ സ്വപ്ന പദ്ധതിയായ ചിത്രത്തിലേക്ക് തന്നെപോലൊരു യുവ നടനെ തെരഞ്ഞെടുത്തത് അന്നത്തെ കാലത്ത് തനിക്കൊരു വലിയ സർട്ടിഫിക്കറ്റ് ആണെന്നും മറ്റ് ഇൻഡസ്ട്രികളുടെ മുമ്പിൽ താൻ ഒരുപാട് വളർന്ന നിമിഷമാണ് അതെന്നും പൃഥ്വി പറയുന്നു.
‘അദ്ദേഹം തന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ സിനിമയിൽ, അദ്ദേഹത്തിന്റെ തന്നെ സങ്കീർണമായ നായകമാരിൽ ഏറ്റവും സങ്കീർണമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു യുവ നടനെയാണ് തെരഞ്ഞെടുക്കുന്നത് എന്ന് പറയുന്നത് അന്നത്തെ കാലത്ത് എനിക്ക് വലിയൊരു സർട്ടിഫിക്കറ്റാണ് സത്യത്തിൽ.
മറ്റ് ഇൻഡസ്ട്രികളുടെ മുന്നിൽ ഞാൻ ഒരുപാട് വളർന്ന് പോയ ഒരു നിമിഷമാണത്. ബ്ലെസിയെന്ന ഫിലിം മേക്കർ, നജീബായി അഭിനയിക്കാൻ ഇയാളെയാണ് എനിക്ക് വേണ്ടതെന്ന് പറയുന്നത് എനിക്ക് വലിയ കോൺഫിഡൻസ് ബൂസ്റ്റാണത്. അത്രയും വിശ്വാസത്തോടെ എന്നെയൊരു സംവിധായകൻ തെരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തിന് ഞാൻ ഇത്രയെങ്കിലും തിരികെ നൽകണ്ടേ,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About The Moment Blessy Selected Him For Aadujeevitham