പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.
പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
വമ്പൻ താരനിര ഒന്നിക്കുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കിടയിൽ പോപ്പുലറായ സാഫ് ബോയ്, സിജു സണ്ണി, അശ്വിൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മുമ്പും ഇവർ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് സിനിമയിൽ എത്തുന്നവർക്ക് വലിയ കോൺഫിഡൻസ് ഉണ്ടാവുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. പുകഴ്ത്തലും ഇകഴ്ത്തലുമെല്ലാം ഒരുപോലെ കേട്ട് തഴമ്പിച്ചവരാണ് അവരെന്നും പൃഥ്വി പറഞ്ഞു. സ്കൈ ലാർക്ക് പിക്ചേഴ്സ് എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിലൂടെ സിനിമയിൽ വരുന്നവർക്ക് ഇൻ ബിൽഡായിട്ടുള്ള ഒരു കോൺഫിഡൻസുണ്ട്. അവർ ആൾറെഡി പെർഫോമിങ് ആർട്ടിസ്റ്റുകൾ ആണല്ലോ.
അവർ ഒരു ഇൻസ്റ്റാഗ്രാം റീൽ പോസ്റ്റ് ഉണ്ടാക്കി പോസ്റ്റ് ചെയ്ത് കഴിഞ്ഞ് അതിന് ആളുകൾ അവരെ പുകഴ്ത്തുന്നതും ചീത്ത വിളിക്കുന്നതുമൊക്കെ കമന്റിൽ വായിച്ച് തഴമ്പിച്ച് ആ ജഡ്ജ്മെന്റിൽ എത്തിയ ആളുകളാണ്.
പണ്ടത്തെ പോലെയല്ല ഇപ്പോൾ. പണ്ട് നമ്മൾ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ സിനിമയിൽ അഭിനയിച്ച് ഏതെങ്കിലും ഒരു സംവിധായകൻ വന്ന്, അഭിനയം മോശമാണെന്നൊക്കെ പറഞ്ഞാൽ നമുക്ക് ആത്മവിശ്വാസം പോവുമായിരുന്നു.
ഇപ്പോഴത്തെ തലമുറക്ക് ആ പ്രശ്നമൊന്നും ഇല്ലെന്ന് തോന്നുന്നു. കാരണം ആൾറെഡി അവർ ഒരുപാട് വിലയിരുത്തലുകളും ജഡ്ജ്മെന്റുകളുമൊക്കെ ഫേസ് ചെയ്ത് വരുന്നവരായാണ് എനിക്ക് തോന്നിയിട്ടുള്ളത്,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Social Media Influencers