മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
ചിത്രം ഷൂട്ട് ചെയ്ത രീതിയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ബ്ലെസി തനിക്ക് പൂർണ സ്വാതന്ത്ര്യം തന്നിരുന്നുവെന്നും ഒരു അഭിനേതാവെന്ന നിലയിൽ അത് ആദ്യത്തെ അനുഭവമായിരുന്നുവെന്നും പൃഥ്വി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരു ദിവസം പെട്ടെന്ന് ഞാൻ വായിക്കുന്ന സ്ക്രിപ്റ്റ് അല്ലല്ലോ ആടുജീവിതത്തിന്റെത്. ആദ്യം ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. അതിന് ശേഷം വലിയൊരു യാത്രയാണ്. അതിനിടയിൽ ഞാനും ബ്ലെസി ചേട്ടനും പല തവണ കാണുന്നു, സംസാരിക്കുന്നു ഒടുവിൽ ഒരു സ്ക്രിപ്റ്റിന്റെ രൂപം ഉണ്ടാക്കുന്നു. ബ്ലെസി ചേട്ടനും എന്റെയും ഇടയിൽ ഒരു സ്ക്രിപ്റ്റിന്റെ ആവശ്യമില്ല. മറ്റുള്ളവർക്ക് അത് വേണമല്ലോ.
അത് വായിച്ചിട്ട് ഞാൻ അവിടെ തന്നെ മാറ്റിവെച്ചു. കാരണം അതിനെ ബേസ് ചെയ്തിട്ടൊന്നുമല്ല സിനിമ എടുത്തിരിക്കുന്നത്. ശരിക്കും ഈ സിനിമ ചെയ്തിരിക്കുന്നത് വളരെ രസമുള്ളൊരു പ്രൊസസാണ്. സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങനെയൊരു സിനിമ വേറേ ചെയ്യാൻ പറ്റിയിട്ടില്ല.
ഒരുപാട് സീനുകൾ എടുക്കുമ്പോൾ, സ്ക്രിപ്റ്റിലുള്ള നമ്മൾ എല്ലാവരും ഓക്കേ പറഞ്ഞിട്ടുള്ള ഒരു ഡയലോഗ് ചിലപ്പോൾ എനിക്ക് പറയാൻ തോന്നില്ല. അപ്പോൾ ഞാൻ ബ്ലെസി ചേട്ടനോട് പറയും, ഇവിടെ ഇരുന്ന് ഒരു ആടിനോട് എനിക്ക് ഈ ഡയലോഗ് പറയാൻ തോന്നുന്നില്ല ബ്ലെസി ചേട്ടായെന്ന്. അദ്ദേഹത്തിന്റെ ഒരു സ്വഭാവമനുസരിച്ച്, ശരി രാജു പറയണ്ടായെന്ന് പറയും.
ആ സീനിൽ കൺവേ ആവേണ്ടത് എന്താണെന്ന് അറിയാമല്ലോ, ഞാൻ ക്യാമറ ഓൺ ചെയ്യാം രാജു ഡയലോഗ് പറയണ്ട, അത് കൺവേയായെന്ന് രാജുവിന് തോന്നുമ്പോൾ എന്നോട് പറഞ്ഞാൽ മതിയെന്ന് ബ്ലെസി സാർ പറയും. അങ്ങനെയാണ് ഈ സിനിമയെടുത്തിരിക്കുന്നത്. അതെന്തൊരു ലക്ഷ്വറിയാണ് ഒരു അഭിനേതാവിന്. അത്രയും സ്വാതന്ത്ര്യം എനിക്ക് തന്നുവെന്നതിന് ഞാൻ ബ്ലെസി ചേട്ടനോട് ആജീവനാന്തം കടപ്പെട്ടിരിക്കുന്നു,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Shooting Process Of Aadujeevitham