| Saturday, 13th April 2024, 9:52 am

മോനേ എന്ന് വിളിക്കുന്ന ലാലേട്ടൻ ക്യാമറക്ക് മുന്നിലെത്തിയാൽ ആകെ മാറും, നമ്മൾ പഠിക്കേണ്ട കാര്യമാണത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ വലിയ ഹൈപ്പ് സൃഷ്ടിച്ച മോഹൻലാൽ ചിത്രമായിരുന്നു ലൂസിഫർ. തിയേറ്ററിൽ തകർത്തോടിയ ചിത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

പിന്നാലെ ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാനും അനൗൺസ്‌ ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മോഹൻലാലിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. വെറുതെ ഇരിക്കുമ്പോഴെല്ലാം അദ്ദേഹം തന്നെ മോനേയെന്നാണ് വിളിക്കാറുള്ളതെന്നും എന്നാൽ ക്യാമറയുടെ മുന്നിൽ അദ്ദേഹം സാർ എന്നാണ് തന്നെ വിളിക്കുന്നതെന്നും പൃഥ്വി പറയുന്നു.

‘ അദ്ദേഹം എപ്പോഴും എന്റെ അടുത്തേക്ക് വന്ന് കഥാപാത്രത്തെ കുറിച്ച് ചോദിക്കും. സാർ ഞാൻ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ലാൽ സാർ ചോദിക്കും. നമ്മൾ വെറുതെ ഇരിക്കുന്ന സമയങ്ങളിലും തമാശ പറയുമ്പോഴുമെല്ലാം അദ്ദേഹം എന്നെ മോനേയെന്നാണ് വിളിക്കാറുള്ളത്. പക്ഷെ ക്യാമറക്ക് മുമ്പിലേക്ക് പോവുന്ന നിമിഷം മുതൽ അദ്ദേഹം എന്നെ സാർ എന്നാണ് വിളിക്കുക. അത് വളരെ നാച്ചുറലായി അദ്ദേഹത്തിന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്. കാരണം സംവിധായകരെ അത്രയും വലിയ സ്ഥാനത്തിലാണ് അദ്ദേഹം കാണുന്നത്,’പൃഥ്വി പറയുന്നു.

ഷൂട്ടിനിടയിൽ എത്ര വട്ടം വേണമെങ്കിലും റീ ടേക്ക് എടുക്കാൻ മോഹൻലാൽ ഓക്കേ ആണെന്നും അദ്ദേഹത്തിൽ നിന്ന് എല്ലാവരും പഠിക്കേണ്ട ഒരു ക്വാളിറ്റിയാണ് അതെന്നും പൃഥ്വി പറഞ്ഞു.

‘ഞാൻ ലാലേട്ടനെ വെച്ച് ഒരു ഷോട്ട് പതിനേഴോ പതിനെട്ടോ തവണ റീ ടേക്ക് ചെയ്തിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും എന്തിനാണ് റീ ടേക്ക് എടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിട്ടില്ല. ഞാൻ ഇനിയും ഷോട്ട് എടുക്കണമെന്ന് പറഞ്ഞാൽ അദ്ദേഹം ഓക്കേ സാർ എന്നാണ് പറയുക. നമ്മൾ എല്ലാവരും അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ട ഒരു പാഠമാണത്,’പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Talk About Shooting Experience With Mohanlal

Latest Stories

We use cookies to give you the best possible experience. Learn more