| Sunday, 24th March 2024, 8:51 am

സൗമ്യനും ശാന്തനുമായ ഒരു ചേട്ടനും, വഴക്കാളിയായൊരു അനിയനും പോലെയാണ് ഇപ്പോൾ ഞങ്ങളുടെ ബന്ധം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിനായി കുറേയേറെ വർഷങ്ങൾ ഒന്നിച്ച് വർക്ക്‌ ചെയ്ത ശേഷം സംവിധായകൻ ബ്ലെസിയുമായി തനിക്കുള്ള ബന്ധത്തിൽ മാറ്റം വന്നെന്ന് പൃഥ്വിരാജ് പറയുന്നു.

ഒരു നടൻ, സംവിധായകൻ എന്ന രീതിയിൽ സിനിമയാരംഭിച്ചവർ ഇന്ന് ഒരു ചേട്ടനെയും അനിയനെയും പോലെയാണെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഇത്രയേറെ വർഷങ്ങൾ നീണ്ട ഈ യാത്രയിൽ ഒരിക്കൽ പോലും തന്റെ കാഴ്ചപ്പാടുകളിൽ നിന്നു ബ്ലെസി വ്യതിചലിച്ചിട്ടില്ല. ആടുജീവിതത്തെ പറ്റിയുള്ള കൃത്യമായ പദ്ധതി അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആടുജീവിതം കമ്മിറ്റ് ചെയ്ത 2009നും ഷൂട്ടിങ് ആരംഭിച്ച 2019നും ഇടയിൽ ഞാൻ എത്രയോ സിനിമകളുടെ ഭാഗമായി.

മൂന്നു മാസത്തിലൊരിക്കൽ അദ്ദേഹം ഏതെങ്കിലുമൊരു സെറ്റിൽ എന്നെ കാണാൻ വരും. അദ്ദേഹത്തിന്റെ സംസാരം മുഴുവൻ ആടുജീവിതത്തെയും നജീബിനെയും പറ്റിയാകും. ഒരിക്കലും നഷ്‌ടമാകാത്ത ആ ഫോക്കസാണ് ഞങ്ങളെയോരോരുത്തരെയും വിട്ടുപോകാതെ ഇതിൽത്തന്നെ പിടിച്ചു നിർത്തിയത്.

ഇത്രയേറെ വർഷങ്ങൾ കൊണ്ടു ഞാനും ബ്ലെസിച്ചേട്ടനും തമ്മിൽ സംവിധായകനും നടനും എന്ന രീതിയിലുള്ള ബന്ധമല്ലാതായി മാറി. സൗമ്യനും ശാന്തനുമായൊരു ജ്യേഷ്ഠനും വഴക്കാളിയായൊരു അനിയനും എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ബന്ധമാണിപ്പോൾ ഞങ്ങൾ തമ്മിൽ. ഈ ചിത്രത്തിനായി കൈകോർക്കുമ്പോൾ ഞാനും ബ്ലെസിച്ചേട്ടനും മാത്രമേയുള്ളൂ.

ഇടയ്ക്കു പ്രതിസന്ധികൾ രൂക്ഷമായപ്പോഴും ഞങ്ങൾ രണ്ടും തമ്മിൽക്കണ്ടാൽ പറയും,’ തുടങ്ങിയതു നമ്മൾ രണ്ടു പേരല്ലേ, ഇനി നമ്മൾ രണ്ടും മാത്രമായി അവസാനിച്ചാലും ഈ ചിത്രം നമ്മൾ തീർത്തിരിക്കും’,. ഇത്രയും പ്രഗൽഭനായ ഒരു സംവിധായകൻ അദ്ദേഹ ത്തിൻ്റെ കരിയറിലെയും ജീവിതത്തിലെയും വലിയൊരു കാലയളവു മാറ്റിവച്ചൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതു തന്നെ വലിയൊരു ഭാഗ്യമാണ്,’പൃഥ്വിരാജ് പറയുന്നു.

മാർച്ച്‌ 28ന് തിയേറ്ററിൽ എത്തുന്ന ആടുജീവിതത്തിനായി പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നജീബായി വേഷമിടുമ്പോൾ സൈനുവായി അഭിനയിക്കുന്നത് അമല പോളാണ്.

Content Highlight: Prithviraj Talk About Relation With Director Blessy

We use cookies to give you the best possible experience. Learn more