മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.
തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.
ഇതാദ്യമായല്ല പൃഥ്വിരാജ് ഒരു റിയൽ ലൈഫ് കഥാപാത്രമായി സിനിമയിൽ എത്തുന്നത്. മുമ്പ് സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്‌തീൻ, തുടങ്ങിയ ചിത്രങ്ങളിലെല്ലാം പൃഥ്വി യഥാർത്ഥ കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്. ഇവരെല്ലാം യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയില്ലാത്തതിനാൽ കഥാപാത്രത്തിനെ അനുകരിക്കേണ്ട ആവശ്യമില്ലെന്ന് പൃഥ്വി പറയുന്നു.
എന്നാൽ ആളുകൾക്ക് നന്നായി അറിയുന്ന ഒരു വ്യക്തിയെ ചെയ്യുമ്പോൾ അനുകരണം ആവശ്യമാണെന്നും പൃഥ്വി കൗമുദി മൂവീസിനോട് പറഞ്ഞു.
‘റിയൽ ലൈഫ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ. ഉദാഹരണത്തിന് നജീബ്, അല്ലെങ്കിൽ മൊയ്‌തീൻ, അല്ലെങ്കിൽ ജെ.സി. ഡാനിയൽ ഇവരൊക്കെ യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായൊരു സങ്കല്പമോ ചിന്തയോയൊന്നും പബ്ലിക്കിന് ഇല്ല. അതുകൊണ്ട് തന്നെ ഒരു അനുകരണത്തിന്റെ ആവശ്യം ഇവിടെ വരുന്നില്ല. ഒറിജിനൽ നജീബിനെ അതുപോലെ കാണിക്കുകയെന്ന ഒരു ആവശ്യം വരുന്നില്ല.
നേരെ മറിച്ച് 1983 എന്ന സിനിമയിൽ രൺവീർ കപീൽ ദേവായി അഭിനയിക്കുന്നു. അവിടെ അനുകരണം ആവശ്യമാണ്. കാരണം കപീൽ ദേവ് എങ്ങനെയാണ് ബോൾ ചെയ്യുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. കപീൽ ദേവ് സംസാരിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അങ്ങനെ രണ്ടുതരത്തിലാണ് നമുക്ക് ഈ റിയൽ ലൈഫ് കഥാപാത്രങ്ങളെ അപ്രോച്ച് ചെയ്യാൻ കഴിയുക.
ആടുജീവിതത്തിൽ ഒരു ഇമിറ്റേഷന്റെ ലെയർ ഇല്ല. ആ ഫിലിം മേക്കറിന്റെ ഇമാജിനേഷനോട് മാത്രമാണ് എന്റെ കഥാപാത്രം നീതി പുലർത്തിയിട്ടുള്ളത്. ഒറിജിനൽ നജീബും സിനിമയിലെ നജീബും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. പക്ഷെ ഒറിജിനൽ നജീബ് കടന്നുപോയ ഇമോഷണൽ അവസ്ഥയിലൂടെ തന്നെയാണ് കഥാപാത്രവും കടന്ന് പോയത്,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Real Najeeb And Reel Najeeb