മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ആടുജീവിതം. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവർ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ശരീരഭാരം കുറച്ച് പൃഥ്വി നജീബായി മാറിയപ്പോൾ മലയാളികളെല്ലാം അത്ഭുതപ്പെട്ടിരുന്നു. റിയൽ ലൈഫിലെ നജീബിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.
ആടുജീവിതം ഒരു പ്രവാസജീവിതത്തിന്റെ കഥയല്ലെന്നും ഒരു മനുഷ്യന്റെ പ്രതിരോധശേഷിയുടെ കഥയാണെന്നും പറയുകയാണ് താരം. അങ്ങനെയൊരാൾ നമുക്കിടയിൽ ജീവിക്കുന്നുവെന്നത് എല്ലാവർക്കും പ്രചോദനമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഇതൊരു പ്രവാസ ജീവിതത്തിന്റെ കഥയല്ല സത്യത്തിൽ. ഒരു മനുഷ്യന്റെ ഏറ്റവും വലിയ പ്രതിരോധശേഷിയുടെ കഥയാണ്. അതിൽ തന്നെ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്ന് പോയ ഒരു മനുഷ്യനാണല്ലോ. അദ്ദേഹം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. സ്വയം ജീവനെടുക്കാൻ വഴിയൊരുക്കി കൊടുത്തിട്ടുണ്ട്. കട്ടിലിൽ കിടന്ന് കാല് താഴെക്കിട്ട് പാമ്പ് കടിക്കട്ടെയെന്ന് ആഗ്രഹിച്ചു.
അതിൽ നിന്നെല്ലാം കടന്ന് പോയി, അല്ല എനിക്കിവിടെ നിന്ന് തിരിച്ച് പോകണം, രക്ഷപ്പെടണം എങ്ങനെയെങ്കിലും എന്ന തോന്നൽ ഹൃദയത്തിന്റെ കോണിൽ എവിടെയോ സൂക്ഷിച്ച് മരുഭൂമിയിലൂടെ നടന്ന് അക്കരെ എത്താൻ കഴിയുകയെന്ന് പറഞ്ഞാൽ അത് ഒരുപാട് ജീവിതപാഠങ്ങൾ ഉള്ള ഒരു കഥയാണ്.
അത് തന്നെയാണ് ഏറ്റവും വലിയ പ്രചോദനമായി എനിക്ക് തോന്നിയിട്ടുള്ളത്. അത്തരത്തിൽ ഒരു വ്യക്തി അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ ഇന്ന് നമുക്കിടയിൽ ഉണ്ടെന്ന് പറയുന്നത് തന്നെ ഒരു വലിയ പ്രചോദനം നൽകുന്ന കാര്യമാണ്,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Real Life Najeeb In Aadujeevitham