ഞാൻ ആ ചിത്രങ്ങളോടാണ് നന്ദി പറയുന്നത്, ആടുജീവിതത്തിന് അവർ ഒരുക്കി തന്ന സ്പേസ് അത്രയും വലുതാണ്: പൃഥ്വിരാജ്
Entertainment
ഞാൻ ആ ചിത്രങ്ങളോടാണ് നന്ദി പറയുന്നത്, ആടുജീവിതത്തിന് അവർ ഒരുക്കി തന്ന സ്പേസ് അത്രയും വലുതാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd March 2024, 10:23 am

മലയാള സിനിമ ഏറ്റവും നല്ല സമത്തിലൂടെയാണ് കടന്ന് പോയികൊണ്ടിരിക്കുന്നത്. 2024 തുടക്കത്തിൽ തന്നെ മികച്ച ആരംഭമാണ് മലയാളത്തിന് ലഭിച്ചത്.

കഴിഞ്ഞ മാസം ഇറങ്ങിയ സിനിമകളെല്ലാം ബോക്സ്‌ ഓഫീസിനെ പിടിച്ചു കുലുക്കിയ കാഴ്ച്ചയാണ് കണ്ടത്. യുവ താരങ്ങൾ അണിനിരന്ന റോം കോം ചിത്രം പ്രേമലു അപ്രതീക്ഷിത മുന്നേറ്റം ബോക്സ്‌ ഓഫീസിൽ നടത്തിയിരുന്നു.

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗവും മലയാളികൾ ആഘോഷമാക്കി. ഏറ്റവും ഒടുവിൽ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സാണ് ശരിക്കും മലയാള സിനിമയുടെ സീൻ മാറ്റിയത്. യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു.

ഈ ചിത്രങ്ങളുടെ വിജയങ്ങളെല്ലാം തന്റെ വരാനിരിക്കുന്ന ആടുജീവിതത്തിനാണ് സഹായമാവുകയെന്ന് പൃഥ്വിരാജ് പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോൾ മലയാള സിനിമയെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ഈ തുടർവിജയങ്ങൾ ഇതുപോലെ തന്നെ ആവർത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പൃഥ്വി പറഞ്ഞു.

മൂന്ന് സിനിമകളോടും താൻ നന്ദി പറയുകയാണെന്നും പൃഥ്വി കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

 

‘എനിക്കിതിൽപരം സന്തോഷമുണ്ടോ. ഞാൻ വലിയ വിശാല മനസ്ക്കനായിട്ട് മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷം കണ്ടെത്തുന്നു എന്നല്ല പറയുന്നത്. അതിൽ തീർച്ചയായും സന്തോഷമുണ്ട്. എല്ലാവരും എനിക്ക് അറിയുന്ന ആളുകളാണ്. പക്ഷെ ഈ വിജയങ്ങളൊക്കെ വഴിയൊരുക്കുന്നത് നമുക്കൊക്കെയാണ്.

മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും ഭ്രമയുഗവും കഴിഞ്ഞ ഒരു മാസത്തിന്റെ കാലയളവിൽ വന്നപ്പോൾ പെട്ടെന്ന് എല്ലാവരുടെയും സംസാരം മലയാള സിനിമയെ കുറിച്ചായി. അല്ലെങ്കിൽ തന്നെ മലയാള സിനിമയിൽ ഒരു സ്പോട്ട്ലൈറ്റ് സമീപക്കാലത്ത് ഉണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ അടുത്ത ഒരു മലയാള സിനിമയുടെ തിയേറ്ററിക്കൽ റിലീസിന് വേണ്ടിയുള്ള സംസാരം നടക്കുന്നുണ്ട്. അപ്പോഴാണ് ആടുജീവിതം വരുന്നത്. ഞാൻ അവരോട് നന്ദി പറയുകയല്ലേ വേണ്ടത്.

ആടുജീവിതത്തിന് ഈ മൂന്ന് സിനിമകൾ ഒരുക്കി തന്ന അന്തരീക്ഷം ഈ സിനിമക്കും എനിക്കും ഒരുപോലെയാണ്. അതുകൊണ്ട് തന്നെ ഞാൻ അതിൽ നന്ദി പറയുകയാണ്. ആ സിനിമകളുടെ വിജയത്തിൽ എനിക്ക് നല്ല സന്തോഷമുണ്ട്. ഇത് ആവർത്തിക്കുക തന്നെ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,’പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talk About Premalu, Bramayugam, Manjummal Boys