പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.
പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം മെയ് 16നാണ് തിയേറ്ററില്‍ എത്തുന്നത്.
കാണുന്ന പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന ചിത്രമായിരിക്കും ഗുരുവായൂരമ്പല നടയിലെന്ന് പൃഥ്വിരാജ് പറയുന്നു. താൻ ഏറ്റവും കൂടുതൽ കണ്ട സിനിമകളാണ് കിലുക്കവും നാടോടികാറ്റുമെല്ലാമെന്നും അതെല്ലാം ഒരുപാട് സന്തോഷം നൽകുന്ന ചിത്രങ്ങളാമണെന്നും താരം പറഞ്ഞു. ആ ചിത്രങ്ങൾ ടി.വിയിൽ എപ്പോൾ വന്നാലും താൻ കാണാറുണ്ടെന്നും പൃഥ്വി കൂട്ടിച്ചേർത്തു. ഫിലിം ഫാക്ടറി ലൈവിനോട് സംസാരിക്കുകയായിരുന്നു താരം.
‘മലയാളത്തിൽ ഞാൻ കിലുക്കം, നാടോടികാറ്റ് ഇതൊക്കെ എപ്പോൾ ടി.വിയിൽ വന്നാലും ഇരുന്ന് കാണുന്ന സിനിമകളാണ്. ഗുരുവായൂരമ്പല നടയിൽ അങ്ങനെയൊരു സിനിമയാണെന്നല്ല ഞാൻ പറയുന്നത്.
ജയ ജയ ജയ ജയഹേയൊക്കെ വീണ്ടും കാണാൻ തോന്നുന്നുണ്ടെങ്കിൽ ആ സിനിമ കാണുമ്പോൾ നമ്മൾ ഹാപ്പി ആകുന്നു എന്നതുകൊണ്ടായിരിക്കാം. അത് ഈ സിനിമയ്ക്കും ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എഡിറ്റിംഗ് സമയത്തും ഡബ്ബിങ് സമയത്തുമെല്ലാം ഈ സിനിമ കണ്ട് കഴിഞ്ഞപ്പോൾ നല്ല സന്തോഷം തോന്നുന്ന ഒരു സിനിമയാണ് ഗുവായൂരമ്പല നടയിൽ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത്തരം ഒരു സിനിമയാണ് പ്രേക്ഷകരും കാണാൻ കാത്തിരിക്കുന്നത്. എനിക്ക് കിട്ടിയ ആ സന്തോഷം പ്രേക്ഷകർക്കും കിട്ടട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,’ പൃഥ്വി പറയുന്നു.
താൻ ഏറ്റവും കൂടുതൽ കണ്ട മറ്റൊരു ചിത്രമാണ് കമൽ ഹാസൻ നായകനായ മൈക്കൽ മദൻ കാമരാജനെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമകളിൽ ഒന്ന് മൈക്കൽ മദന കാമരാജൻ എന്ന കമൽ സാറിന്റെ സിനിമയാണ്. ആ സിനിമയിലെ ഷോട്ടുകൾ എനിക്കറിയാം അടുത്തതായി പറയാൻ പോകുന്ന തമാശ എന്താണെന്ന് അറിയാം. പക്ഷെ ആ സിനിമ കണ്ട് കഴിയുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ,’പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj Talk About Old Mohanalal Movies