കാലങ്ങളായി മലയാളം സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഏറെ ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. ഇന്ന് ഒരു പാൻ ഇന്ത്യൻ താരം കൂടിയാണ് പൃഥ്വിരാജ്.
ബേസിൽ ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രമാണ് ഉടനെ റിലീസാവാനുള്ള പൃഥ്വിരാജ് ചിത്രം. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂരമ്പല നടയിൽ.
പുതിയ അഭിനേതാക്കൾ മലയാളത്തിൽ ഉണ്ടാവുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്ന് പറയുകയാണ് പൃഥ്വിരാജ്. അത്തരത്തിൽ ഒരാളാണ് നടൻ നസ്‌ലെനെന്നും കുരുതി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് നസ്‌ലെൻ വലിയ സ്റ്റാറാവുമെന്ന് താൻ മുരളി ഗോപിയോട് പറഞ്ഞിരുന്നുവെന്നും പൃഥ്വി ഫിലിം ബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഒരു പുതിയ ടാലെന്റെഡ് ആയിട്ടുള്ള അഭിനേതാവിനെ കാണുമ്പോൾ എനിക്കൊക്കെ വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആവുകയല്ലേ ഇൻഡസ്ട്രിയിൽ. ഇവരൊക്കെ ഭാവിയിൽ മലയാളത്തിലെ മെയിൻ താരങ്ങളായി വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.
മലയാള സിനിമയിൽ ലെജൻഡ്സ് ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ട് എന്നെ ഇപ്പോഴും യങ്ങർ ജനറേഷനിൽ പെടുന്ന ഒരാളായിട്ടാണ് കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ആ ഞാൻ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നു. ഇപ്പോൾ ടൊവിനോയാണെങ്കിലും അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോൾ ഇതാ നസ്‌ലെൻ.
എനിക്കിപ്പോഴും ഓർമയുണ്ട് കുരുതിയെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുരളി ( മുരളി ഗോപി) ജോയിൻ ചെയ്യുന്നതിന് മുമ്പ് ഞാൻ മുരളിയുമായി ഒരു ദിവസം സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു, നസ്‌ലെൻ എന്നൊരു പയ്യനുണ്ട്.
അവൻ മിടുക്കനാണ്. ഭാവിയിൽ വലിയ സ്റ്റാർ ആവുമെന്ന് തോന്നുന്നുവെന്ന്. ഇപ്പോൾ നസ്‌ലെൻ നല്ല പോപ്പുലറായ ഒരു യങ്ങ്സ്റ്റാർ ആയിട്ട് മാറിയില്ലേ,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Naslen