രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ഒരു മികച്ച തുടക്കം ലഭിച്ച മലയാളികളുടെ പ്രിയനടനാണ് പൃഥ്വിരാജ്.
നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് എത്തിയ പൃഥ്വി കരിയറിന്റെ തുടക്കത്തിൽ തന്നെ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
ഭദ്രൻ, കമൽ, ലോഹിതദാസ് തുടങ്ങി മുൻനിര സംവിധായകരോടൊപ്പം തുടക്കകാലത്ത് തന്നെ സിനിമകൾ ചെയ്ത പൃഥ്വിരാജ് ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു താരമാണ്. മലയാളികൾ ഒരുപോലെ കാത്തിരിക്കുന്ന ആടുജീവിതമാണ് റിലീസിനൊരുങ്ങുന്ന പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം. അതിനോടൊപ്പം തന്നെ പൃഥ്വിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ലൂസിഫറിന്റെ രണ്ടാംഭാഗമായ ചിത്രത്തിൽ മോഹൻലാലാണ് നായകൻ. ലൊക്കേഷനിലെ മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം.
മോഹൻലാലിനെ കണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും തനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും പൃഥ്വി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘ലാലേട്ടന്റെ കയ്യിൽ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മമ്മൂക്കയുടെ കയ്യിൽ നിന്നുമുണ്ട് സത്യത്തിൽ. ഞാൻ പ്രവർത്തിക്കുന്ന മീഡിയത്തിൽ അഗ്രകണ്യരാണല്ലോ ഇവർ രണ്ടുപേരും.
ലാലേട്ടന്റെയൊക്കെ ഓഫ് സ്ക്രീൻ പെരുമാറ്റം കണ്ട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്. എനിക്കൊന്നും അങ്ങനെയാവാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം എപ്പോഴും ഹാപ്പിയാണ്. സിനിമയുടെ വിജയ പരാജയങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്ന മനുഷ്യനാണ്.
എമ്പുരാന്റെ ഭാഗമായി യു. എസിൽ ഷൂട്ട് ചെയ്തപ്പോൾ ഒരു ദിവസം ലൊക്കേഷനിൽ നല്ല ദോശയും മീൻകറിയും ഒരാൾ കൊണ്ടുവന്നു. ലാലേട്ടന് വല്ലാത്ത സന്തോഷം തോന്നി. എനിക്ക് ശരിക്കും അത്ഭുതം തോന്നി.
എനിക്ക് ലാലേട്ടനോട് വല്ലാത്ത ആരാധനയാണ് ആ കാര്യത്തിൽ,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Mohanlal